ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികൾ കൊലപ്പെടുത്തി. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാവാത്ത ആറ് പേരെ കസ്റ്റഡിയിലെടുത്തെന്ന് അജ്മീർ പൊലീസ് അറിയിച്ചു. സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇമാമിനെ കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ഏപ്രിൽ 27 നാണ് കൊലപാതകം നടന്നത്. മദ്രസ വിദ്യാർത്ഥികളിൽ ഒരാളെ മാഹിർ ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. എല്ലാം തുറന്നുപറയുമെന്ന് പറഞ്ഞപ്പോൾ ഇമാം വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി. എന്നാൽ പീഡനം തുടർന്നതോടെ വിദ്യാർത്ഥികൾ മാഹിറിനെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. മർദിച്ച ശേഷം കഴുത്തിൽ കയറിട്ടാണ് കൊലപ്പെടുത്തിയത്.