പാരിസ്: പാരിസ് സെയ്ന്റ് ജെർമെയ്ന്റെ ജേഴ്സിയിൽ അവരുടെ മൈതാനമായ പാർകെ ദെ പ്രിൻസിൽ അവസാന മത്സരത്തിനിറങ്ങിയ സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് ഗോളടിച്ചെങ്കിലും തോൽവിയോടെ മടക്കം. ടൗലൗസെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജിയെ കീഴടക്കിയത്. ഈ സീസൺ അവസാനിക്കുന്നതോടെ പി.എസ്.ജി ക്ലബ് വിടുമെന്ന് എംബാപ്പെ കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. സീസണിൽ സ്വന്തം മൈതാനത്ത് പി.എസ്.ജിയുടെ അവസാന മത്സരമായിരുന്നു ടൗലൗസെയ്ക്ക് എതിരെ നടന്നത്. എട്ടാം മിനിട്ടിൽ എംബാപ്പെ പി.എസ്.ജിയെ മുന്നിൽ എത്തിച്ചെങ്കിലും പിന്നീട് ഡാല്ലിങ്കയും ബോഗോയും മഗ്രിയും നേടിയ ഗോളുകളിലൂടെ ടൗലൗസെ വിജയം നേടുകയായിരുന്നു. ലീഗ് കിരീടം നേരത്തേ തന്നെ ഉറപ്പിച്ചിരുന്ന പി.എസ്.ജിയ്ക്ക് മത്സരശേഷം ലീഗ് വൺ കിരീടവും സമ്മാനിച്ചു.