photo

തിരുവനന്തപുരം: മന്ത്രിയപ്പൂപ്പാ... എന്റെ സ്കൂളിൽ അടിസ്ഥാന സൗകര്യമില്ല, സ്കൂളിന്റെ കെട്ടിടം ചോർന്നൊലിക്കുന്നതാണ്. അതൊന്ന് ശരിയാക്കി തരാമോ?... ആനാട് പഞ്ചായത്തിലെ രാമപുരം ​ഗവ.യു.പി.എസിൽ നാലാം ക്ലാസ് വിദ്യാർത്ഥി അൻഷിത മന്ത്രിയപ്പൂപ്പന് മുന്നിൽ പരാതി അറിയിച്ചു. മോളുടെ സ്കൂളിൽ ഒരു പുതിയ കെട്ടിടം പണിതുതരാമെന്നും അതിന് പ്രധാന അദ്ധ്യാപികയോട് അപേക്ഷ നൽകാൻ പറയണമെന്നും മന്ത്രി അൻഷിതയോട് പറഞ്ഞു.

തൈക്കാട് സംസ്ഥാന ശിശുക്ഷേമസമിതിയിൽ നടന്നുവരുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ കുട്ടികളുമായി സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി വി.ശിവൻകുട്ടി. പാട്ടുപാടണം എന്ന കുട്ടികളുടെ ആവശ്യം സ്നേഹത്തോടെ നിരസിച്ച് കുട്ടികളുമായി മധുരം പങ്കിട്ടാണ് മന്ത്രി മടങ്ങിയത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി, കെ.ജയപാൽ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസിൽ കുട്ടികളോട് സംവദിക്കാനെത്തിയ മന്ത്രി വി. ശിവൻകുട്ടി തനിക്ക് തൊപ്പിയണിയിച്ച കുട്ടിക്ക് കൈകൊടുക്കുന്നു.