ബംഗളൂരു: പീഡനക്കേസിൽ അറസ്റ്റിലായ കർണാടകയിലെ മുൻമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ എച്ച്.ഡി. രേവണ്ണയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ കെട്ടിവയ്‌ക്കാനും പാസ്പോർട്ട് ഹാജരാക്കണമെന്നും ബംഗളൂരുവിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി നിർദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണം. അന്വേഷണ കാലയളവിൽ മൈസൂരുവിലെ കെ.ആർ. നഗറിൽ പ്രവേശിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കേസിൽ മുഖ്യപ്രതിയായ മകനും ഹാസൻ എം.പിയുമായ പ്രജ്വൽ രേവണ്ണ ഇപ്പോഴും വിദേശത്ത് ഒളിവിലാണ്.