ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ടോട്ടൻഹാം ഹോട്ട്‌സ്പറിനെ നേരിടും. ടോട്ടൻ ഹാം ഹോട്ട്‌സ്പറിന്റെ തട്ടകത്തിൽ നടക്കുന്ന പോരാട്ടം ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ 12.30മുതലാണ്. ഇന്ന് ടോട്ടനത്തെ തോൽപ്പിച്ച് പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയെന്നതാണ് സിറ്റിയുടെ ലക്ഷ്യം. 37 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിനുള്ളത്.
ആഴ്സനലിനേക്കാൾ ഒരു മത്സരം കുറവ് കളിച്ചതിന്റെ മുൻതൂക്കമുള്ള രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയ്ക്ക് 36 മത്സരങ്ങളിൽ നിന്ന് 85 പോയിന്റുണ്ട്. ടോട്ടൻഹാമിനെതിരായ മത്സരം കഴിഞ്ഞ് വെസ്റ്റ്ഹാമുമായും സിറ്റിയ്ക്ക് മത്സരമുണ്ട്. എവർട്ടണുമായിട്ടുള്ള മത്സരമാണ് ആഴ്സനലിന് അവശേഷിക്കുന്നത്.