car

ആലപ്പുഴ : കായംകുളം കെ പി റോഡിൽ അപകടകരമായി കാറിൽ യാത്ര ചെയ്ത യുവാക്കൾക്കെതിരെ കർശന നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഞായറാഴ്ച ഉച്ചയ്ക്ക് കായംകുളം രണ്ടാംകുറ്റിക്കും കറ്റാനത്തിനും ഇട‌യിലായിരുന്നു വിവാഹത്തിന് പോവുകയായിരുന്ന ഏഴംഗസംഘം കാറിൽ നിന്ന് തലയും ശരീരവും പുറത്തേക്കിട്ട് യാത്ര ചെയ്തത്. കാറിലുണ്ടായിരുന്ന സംഘത്തിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയച്ചു. മറ്റൊരാൾ നടുവിലെ സീറ്റിലായിരുന്നതിനാൽ തലയോ ശരീരമോ പുറത്തേക്ക് ഇട്ടിരുന്നില്ല.

ഓച്ചിറ സ്വദേശികളായ മാഹിൻ അബ്ദുൾ കരീം, ആഷിഖ്, ഷാമോൻ, എ.ഹസ്സൻ എന്നിവരെ ശിക്ഷാനടപടിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവിംഗ് ആൻഡ് ട്രാഫിക് റിസർച്ചിൽ എട്ട് ദിവസത്തെ പരിശീലനത്തിന് അയയ്ക്കും. അഞ്ച് ദിവസം ഇൻസ്റ്റിറ്റ്യൂട്ടിലും മൂന്ന് ദിവസം പാലിയേറ്റിവ് കെയറിലുമാകും ഇവരെ നിയോഗിക്കുക. ജൂൺ മൂന്നിന് ആരംഭിക്കുന്ന ബാച്ചിൽ പ്രവേശിക്കുന്നതിന് ഇവർ സമ്മതപത്രം നൽകി. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതെ നല്ലനടപ്പ് ശിക്ഷയ്ക്ക് വിധേയരാക്കുന്നത്.

കാറിൽ അപകടകരമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതിയായി ലഭിച്ചിരുന്നു. ഇതോടെ പ്രതികൾ വാഹനം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആർ.സി റദ്ദാക്കുമെന്ന മുന്നറിയിപ്പ് ആലപ്പുഴ ആർ.ടി.ഒ എ.കെ.ദിലു നൽകിയിരുന്നു. ഓച്ചിറ മേമന സ്വദേശി മറിയത്തിന്റെ പേരിലുള്ള കാർ ഇന്നലെ രാത്രി 8.30ഓടെ അന്വേഷണസംഘം പിടിച്ചെടുത്തത്. കാറോടിച്ചിരുന്ന ഓച്ചിറ സ്വദേശി മർഫീൻ അബ്ദുൾ കരീമിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇയാൾ വാഹനഉടമയുടെ സഹോദരനാണ്.