കൊച്ചി: മുതിർന്ന പൗരന്മാർക്കുള്ള പാർപ്പിട സേവന വിപണി അടുത്ത ആറ് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ കവിയുമെന്ന് ഗവേഷണ റിപ്പോർട്ട്. നിലവിൽ വയോജനങ്ങൾക്ക് ജീവിത സായന്തനത്തിൽ സ്വസ്ഥവും സന്തോഷകരവുമായി ജീവിക്കുന്നതിനുള്ള താമസ സൗകര്യങ്ങളൊരുക്കുന്ന മുതിർന്ന പൗരന്മാരുടെ സേവന വിപണിയുടെ വലുപ്പം 20,000 കോടി രൂപയിലും താഴെയാണ്.
വിദേശങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ കുതിപ്പും ആയുർദൈർഘ്യത്തിലെ വർദ്ധനയും സീനിയർ ലിവിംഗ് സംവിധാനങ്ങളുടെ ആവശ്യങ്ങൾ ഗണ്യമായി ഉയർത്തുമെന്ന് ഈ മേഖലയിലെ പ്രമുഖ ഗവേഷണ ഏജൻസിയായ കോളിയേർസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴത്തെ ട്രെൻഡുകൾ അനുസരിച്ച് ഇന്ത്യയ്ക്കാരുടെ ശരാശരി ആയുർദൈർഘ്യം നിലവിലെ 29 വയസിൽ നിന്ന് 2050ൽ 38ആയി ഉയരുമെന്നും അവർ പറയുന്നു.
അതോടൊപ്പം 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ ശതമാനം നിലവിലെ 11 ശതമാനത്തിൽ നിന്നും 22 ശതമാനമായും ഉയരും. ഉയരുന്ന ആയുർദൈർഘ്യം, അണുകുടുംബങ്ങൾ, വരുമാനത്തിലെ വർദ്ധന, മാറുന്ന ജീവിത ശൈലികൾ, വിദേശ കുടിയേറ്റം എന്നിവയാണ് ഇതിന് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്.
'പ്രതിവർഷം 30 ശതമാനം ശരാശരി വളർച്ചയാണ് വയോജന പാർപ്പിട സംവിധാനത്തിൽ പ്രതീക്ഷിക്കുന്നത്. 2030 വരെ ഉപഭോഗത്തിലും ലഭ്യതയിലുമുള്ള വിടവ് കൂടുമെന്നാണ് വിലയിരുത്തുന്നത്', - കോളിയേർസ് ഇന്ത്യ ഗവേഷണ വിഭാഗം മേധാവി വിമൽ നാടാർ പറഞ്ഞു