pic

ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണവും വികസനവും അടുത്ത പത്തു വർഷം ഇന്ത്യയ്ക്ക്. ഇന്ത്യയിൽ നിന്ന് അഫ്ഗാനിലേക്കും മദ്ധ്യേഷ്യയിലേക്കുമുള്ള ചരക്കു നീക്കത്തിന്റെ പ്രധാന ഹബ്ബായി ചബഹാർ മാറും. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അനന്തമായ മാർക്കറ്റും തുറക്കും.

ഇന്നലെ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിന്റെയും ഇറാൻ മന്ത്രി മെഹ്‌ർദാദ് ബസർപാഷിന്റെയും സാന്നിദ്ധ്യത്തിൽ കരാറിൽ ഒപ്പിട്ടു. കാലാവധിക്ക് ശേഷം വീണ്ടും പുതുക്കിയേക്കും.

തുറമുഖം ഇന്ത്യ ഏറ്റെടുത്തത് ചൈനയ്ക്കുള്ള മറുപടിയുമാണ്. മേഖലയിലെ ഇന്ത്യൻ സാന്നിദ്ധ്യം ചൈന -പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കും വെല്ലുവിളിയാകും.

2003 മുതൽ ചബഹാർ തുറമുഖ വികസനത്തിനായി ഇന്ത്യ നീക്കം തുടങ്ങിയിരുന്നു. എന്നാൽ,ഇറാന് മേലുള്ള യു.എസ് ഉപരോധം വികസനങ്ങളെ മന്ദഗതിയിലാക്കി. 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ ഇറാനും ഇന്ത്യയും ആദ്യ ഉഭയകക്ഷി കരാറിലെത്തി.

2018 ഡിസംബറിൽ തുറമുഖത്തിന്റെ ഭാഗിക വികസനം ഇന്ത്യയുടെ കൈകളിലെത്തി. കരാർ ഓരോ വർഷവും പുതുക്കി വരികയായിരുന്നു. അഫ്ഗാനിസ്ഥാനെയും ചബഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപ്പാത അടക്കം 550 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇന്ത്യ ഇവിടെ നടത്തി.

ഏറ്റെടുക്കലിന്റെ ഭാഗമായി ഇന്ത്യ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡ് തുറമുഖത്ത് 12 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഇതിനായി,​25 കോടി ഡോളർ അധിക ധനസഹായം.

ചബഹാർ തുറമുഖം

 സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ

 തുറന്നത് 1983ൽ

 ഷഹീദ് കലന്താരി,​ ഷഹീദ് ബഹെഷ്തി എന്നീ രണ്ട് പോർട്ടുകൾ

 നിയന്ത്രണം - ഇന്ത്യ പോർട്ട്സ് ഗ്ലോബൽ ലിമിറ്റഡ്

 1,200 ഏക്കറിൽ ഹാർബർ

 ആയിരത്തോളം ജീവനക്കാർ

 ഒമാൻ കടലിലേക്കും പേർഷ്യൻ ഗൾഫിലേക്കും പെട്ടെന്ന് കടക്കാം

ചൈനയ്ക്ക് തിരിച്ചടി,​

പാകിസ്ഥാനും

 ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം സ്ഥാപിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കൽ ചൈനയുടെ ലക്ഷ്യം. ഇതിനായി പാകിസ്ഥാൻ,​ശ്രീലങ്ക,​ജിബൂട്ടി എന്നീ രാജ്യങ്ങളെ ഉപയോഗപ്പെടുത്തുന്നു

 പാകിസ്ഥാനിലെ ഗ്വാദർ, ശ്രീലങ്കയിലെ ഹാംബൻതോട്ട തുറമുഖങ്ങളുടെ നിയന്ത്രണം ചൈനയ്ക്കാണ്. വ്യാപാര ആവശ്യത്തിനെന്നാണ് കരാറെങ്കിലും ചൈനീസ് ചാരക്കപ്പലുകൾ ഇവിടെ ചുറ്റിത്തിരിയുന്നു

 ചൈന വിദേശത്ത് നിർമ്മിച്ച ആദ്യ സൈനിക താവളം ജിബൂട്ടിയിലാണ്. ഗ്വാദറിൽ നിന്ന് 170 മാത്രം കിലോമീറ്റർ അകലെയാണ് ചബഹാർ. അതുകൊണ്ടു തന്നെ പാകിസ്ഥാനും മറുപടിയാണ് ഇന്ത്യ നൽകുന്നത്

ചബഹാർ വഴി ഇന്ത്യ

അഫ്ഗാനിലെത്തിച്ചത്

25 ലക്ഷം ടൺ ഗോതമ്പ്

2,0000 ടൺ ധാന്യം

കരാറിലൂടെ വലിയ നിക്ഷേപ സാദ്ധ്യതകൾക്ക് വഴി തുറക്കും.

- എസ്. ജയശങ്കർ, വിദേശകാര്യ മന്ത്രി