karamana-murder

തിരുവനന്തപുരം: കരമനയിൽ നടുറോഡിൽ അഖിൽ എന്ന യുവാവിനെ കല്ലുകൊണ്ടിടിച്ച് കൊന്ന കേസിൽ രണ്ടുപേർ കൂടി പിടിയിൽ. അരുൺ ബാബു, അഭിലാഷ് എന്നിവരെയാണ് ഇന്ന് പിടികൂടിയത്. ഇതിൽ അരുണിന്റെ വീട്ടിൽവച്ചാണ് കൊലയുടെ ഗുഢാലോചന നടത്തിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 26നാണ് സംഘർഷം ഉണ്ടായത്.

വോട്ടെടുപ്പ് ദിവസം വൈകുന്നേരമാണ് നേമത്തെ ബാറിൽ വച്ച് കൊല്ലപ്പെട്ട അഖിലും സുഹൃത്ത് വിശാലും പ്രതികളായ രണ്ടു പേരുമായി ഏറ്റുമുട്ടിയത്. അഖിൽ പാട്ടുപാടിയപ്പോള്‍ പ്രതികള്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. വാക്കു തർക്കം കൈയാങ്കളിയായി. സംഘർഷത്തിനിടെ പ്രതികളിൽ ഒരാളായ വിനീതിന്റെ തലക്ക് പരിക്കേറ്റിരുന്നു. എന്നാൽ പ്രതികൾ പൊലീസിൽ പരാതി നൽകിയില്ല. സംഘർഷത്തിനുണ്ടായിരുന്ന കിരൺ കൃഷ്ണയെന്നയാൾ അഖിലിനെയും കൂട്ടുകാരെയും വെല്ലുവിളിച്ചാണ് ബാറിൽ നിന്ന് ഇറങ്ങിയത്.

ഇതിന് പിന്നാലെ അഖിലിന്റെയും സുഹൃത്തിന്റെയും വിവരങ്ങൾ സംഘം അടുത്ത ദിവസം മുതൽ ശേഖരിച്ചു. പ്രതികളിൽ ഒരാളായ അനീഷ് കാർ വാടകക്കെടുത്തു. ഒടുവിൽ അഖിലിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർ നേരിട്ടും നാലുപേ‌ർ ഗൂഢാലോചനയിലും പങ്കാളികളായി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അറസ്റ്റിലായ എട്ടുപേരെയും കോടതി റിമാന്‍ഡ് ചെയ്തു. പിടിയിലായവർ 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്.