ദുബായ് : കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെക്കോഡ് ലാഭം ലഭിച്ചത് ജീവനക്കാർക്കൊപ്പം ആഘോഷിച്ച് എമിറേറ്റ്സ് ഗ്രൂപ്പ്. ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസാണ് എമിറേറ്റ്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്. മേയ് മാസത്തെ ശമ്പളത്തിനൊപ്പമാണ് ജീവനക്കാർക്ക് ബോണസ് ലഭിക്കുക. എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്‌ഖ് അഹമ്മദ് ഹിൻ സയീദ് അൽ മക്തൂം ജീവനക്കാർക്ക് നന്ദി അറിയിച്ചു. കമ്പനിയുടെ ലാഭവിഹിതത്തിന്റെ ഓരോ ദിർഹത്തിനും ജീവനക്കാർ അർഹരാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാരുടെ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
എമിറേറ്റ്സ് ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർദ്ധിച്ച് 1,12,406 ആയിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 18.7 മില്യൺ ദിർഹത്തിന്റെ റെക്കോഡ് ലാഭവും 137.30 ബില്യൺ ദിർഹത്തിന്റെ വരുമാനവുമാണ് എമിറേറ്റ്സ് ഗ്രൂപ്പ് നേടിയത്. മുൻവർഷത്തെക്കാൾ 71 ശതമാനം ലാഭമാണ് കമ്പനി നേടിയത്. അതേസമയം കഴിഞ്ഞ വർഷം തങ്ങളുടെ ജീവനക്കാർക്ക് 24 ആഴ്ചത്തെ ശമ്പളമാണ് ബോണസായി നൽകിയത്. 84 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എമിറേറ്റ്സ് ഗ്രൂപ്പിൽ 170 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.