ചങ്ങനാശേരി: മോഹൻലാൽ നായകനായ സ്‌ഫടികം ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് ചങ്ങനാശേരി മാർക്കറ്റായിരുന്നു. ഇപ്പോഴിതാ വ്യാപാര മേഖലയ്ക്ക് ഉണർവേകി ചങ്ങനാശേരി മാർക്കറ്റിനെ പൈതൃക മാർക്കറ്റായി സംരക്ഷിച്ചു നിറുത്തുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി എം.എൽ.എയും മുനിസിപ്പൽ അധികാരികളും ഉദ്യോഗസ്ഥരും മാർക്കറ്റും പരിസരപ്രദേശങ്ങളും സന്ദർശിച്ചു. ചങ്ങനാശേരി മാർക്കറ്റ് പൈതൃകമായി നില നിർത്തി നവീകരിക്കുന്നത്തിന് ബഡ്ജറ്റിൽ മൂന്നുകോടി രൂപ ജോബ് മൈക്കിൾ എം.എൽ.എ വകയിരുത്തിയിരുന്നു. മാർക്കറ്റ് പ്രദേശത്ത് വേനൽക്കാലത്തും മഴക്കാലത്തും സുഗമമായി വ്യാപാരം നടത്തുന്നതിന് സഹായിക്കുന്ന തരത്തിൽ ഉള്ള റൂഫിംഗ് സൗകര്യം ഒരുക്കി ചങ്ങനാശേരി മാർക്കറ്റിന്റെ തനതായ പൈതൃകം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുക എന്നതാണ് ലക്ഷ്യം. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
ചങ്ങനാശേരിയുടെ പേരും പെരുമയും തിരുവിതാംകൂറിലാകെ മുഴങ്ങിക്കേട്ട പ്രതാപ കാലം. അന്ന് പടിഞ്ഞാറ് നിന്ന് വള്ളങ്ങളിലാണ് മാർക്കറ്റിലേക്ക് ആളുകൾ എത്തിയിരുന്നതെങ്കിൽ കിഴക്കൻ മേഖലകളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും കാളവണ്ടിയിലാണ് ചങ്ങനാശേരി ചന്തയിൽ വന്നിരുന്നത്. മലഞ്ചരക്കുകളുമായി വരുന്ന കാളവണ്ടികൾ അരിയും മറ്റും കയറ്റിയാണ് മടങ്ങിയിരുന്നത്. എണ്ണിയാൽ തീരാത്ത അത്രയും കാളവണ്ടികൾ മാർക്കറ്റിൽ എത്തിയിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്. കാളകൾക്ക് വിശ്രമിക്കാനും മറ്റുമായി മാർക്കറ്റിൽ സ്ഥലമുണ്ടായിരുന്നു.ആ സ്ഥലം ഇന്നത്തെ വണ്ടിപ്പേട്ട. കാളയ്ക്കുള്ള കച്ചി വിൽക്കുന്നവർ, പുളിമ്പൊടി വേവിച്ച് വിൽക്കുന്നവർ, ലാടന്മാർ തുടങ്ങി മറ്റൊരു വിഭാഗം വണ്ടിപ്പേട്ടയ്ക്കു ചുറ്റും ജീവിച്ചിരുന്നു. ഇവിടെ എത്തിയിരുന്ന കാളവണ്ടികളെ ആശ്രയിച്ചായിരുന്നു ഇവരുടെ ജീവിതം.
കൈവണ്ടികളും അക്കാലത്ത് മാർക്കറ്റിൽ ധാരാളമായിരുന്നു. നേതാക്കളുടെയും വ്യക്തികളുടെയും പേരുകളിട്ട ആയിരത്തിലധികം കൈവണ്ടികൾ മാർക്കറ്റിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തുന്നവർ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസ് ആയിരുന്ന മുസാവരി ബംഗ്ലാവ് ഈ ഭാഗത്താണ് ഉള്ളത്.