ന്യൂഡൽഹി: ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്. ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും. ഇന്ത്യക്കും മദ്ധ്യേഷ്യക്കും ഇടയിലെ ചരക്കുനീക്കത്തിന്റെ പ്രധാന ഹബ്ബായി തുറമുഖം മാറുമെന്നാണ് വിലയിരുത്തൽ. പത്തുവർഷത്തിന് ശേഷം കരാർ പുതുക്കിയേക്കും.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നീക്കം.
നേരത്തെ തന്നെ തുറമുഖത്തിന്റെ നിർമ്മാണത്തിൽ ഇന്ത്യ പങ്കാളിയായിരുന്നു. ഇതിന്റെ ഭാഗമായി ആറു ക്രെയിനുകളും ഇന്ത്യ നൽകി. ഇന്ത്യയുടെ പങ്കാളിത്തം തുറമുഖത്ത് വലിയ നിക്ഷേപത്തിന് വഴിയൊരുക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ചബഹാറിനെ ഇന്റർനാഷണൽ നോർചത്ത്- സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറുമായി ബന്ധിപ്പിക്കുക, ഇന്ത്യയിൽ നിന്ന് ഇറാൻ വഴി റഷ്യയിലേക്കുള്ള പാത സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്ത്യൻ പോർട്‌സ് ഗ്ലോബൽ ലിമിറ്റഡ് തുറമുഖ വികസനത്തിനായി 120 മില്യൺ ഡോളർ നിക്ഷേപിക്കും.
അതേസമയം പാകിസ്ഥാനിലെ ഗോദർ തുറമുഖം വഴി ചരക്കുനീക്കത്തിനുള്ള ശ്രമത്തിലാണ് ചൈന. വൺ ബെൽറ്റ പദ്ധതി വഴി പാകിസ്ഥാനിൽ റോഡ് നിർമ്മാണത്തിനും ചൈന പദ്ധതിയിടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇറാനുമായി ഇന്ത്യ പുതിയ കരാറിൽ ഒപ്പിടുന്നത്.