മുംബയ്: മുംബയ് ഘാഡ്കോപ്പറിൽ ശക്തമായ മഴയിലും പൊടിക്കാറ്റിലും കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് എട്ടുപേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റു. 20 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം രാത്രിയും തുടർന്നു. ദുരന്ത നിവാരണ സേനയുൾപ്പെടെ രംഗത്തുണ്ട്.
ഇന്നലെ വൈകിട്ട് നാലരയോടെ ഈസ്റ്റേൺ എക്സ്പ്രസ് വേയിലാണ് സംഭവം. പെട്രോൾ പമ്പിന് എതിർ വശത്തുള്ള പടുകൂറ്റൻ പരസ്യബോർഡാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങൾക്കു മുകളിലേക്കാണ് ബോർഡ് വീണത്. തകര ബോർഡിന്റെ വശങ്ങളിലെ കമ്പികൾ കാറിന്റെ മേൽഭാഗം തുളച്ച് ഉള്ളിൽ കയറി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് സർക്കാർ ചെലവിൽ ചികിത്സയും നൽകും. പരസ്യ ബോർഡ് വച്ച സ്ഥാപനത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മെട്രോ, ലോക്കൽ ട്രെയിൻ സർവീസുകളെയും റോഡ് ഗതാഗതത്തെയും അതിശക്ത മഴ പ്രതികൂലമായി ബാധിച്ചു. മുംബയ് വിമാനത്താവളത്തിൽ നിരവധി സർവീസുകൾ വഴിതിരിച്ചുവിട്ടു.