നാമെല്ലാവരും ദിവസത്തിൽ പലതവണ ഉപയോഗിക്കുന്ന ഒന്നാണ് ടോയ്‌ലറ്റ്. ഇന്ത്യൻ, യൂറോപ്യൻ എന്നിങ്ങനെ രണ്ട് തരം ടോയ്‌ലറ്റുകളാണ് നമ്മുടെ നാട്ടിലുള്ളത്. ഇതിൽ ഇന്ത്യൻ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്ന വീടുകൾ വിരളമാകും. മിക്കവരുടെയും വീട്ടിൽ യൂറോപ്യൻ ടോയ്‌ലറ്റുണ്ടാകും. ഈ ടോയ്‌ലറ്റുകളിൽ ശുചിയാക്കുന്നതിന് വെള്ളം പമ്പ് ചെയ്യുന്ന ഫ്ളഷ് ടാങ്കുകൾ പതിവാണ്. ഇത്തരം ഫ്ളഷ് ടാങ്കിൽ പുതിയവയിൽ രണ്ട് തരം സ്വിച്ചുകളുണ്ട്. അൽപം വലുതും ഒരു ചെറുതും. ഇവക്ക് പ്രത്യേകം ഉപയോഗമാണുള്ളത്.
പുത്തൻ തലമുറ ഫ്ളഷ് ടാങ്കുകളിലെ വലിയ സ്വിച്ച് ആറ് മുതൽ ഒൻപത് ലിറ്റർ വരെ വെള്ളം കൊള്ളും. ചെറുതിനാകട്ടെ മൂന്ന് മുതൽ നാലര ലിറ്റർ വരെ വെള്ളമാണ് സംഭരണ ശേഷി. അതിനർത്ഥം ഖരപദാർത്ഥത്തെ അകറ്റാൻ വലിയ ഫ്ളഷും മൂത്രമൊഴിച്ചാൽ ചെറുതും ഉപയോഗിക്കണം എന്നാണ്.
അമേരിക്കൻ ഡിസൈനറായ വിക്‌ടർ പാപ്പനെക്ക് 1976ൽ തന്റെ പുസ്‌തകമായ ഡിസൈൻ ഫോർ ദി റിയൽ വേൾഡിലാണ് ഈ സ്വിച്ചുകളെക്കുറിച്ച് പറയുന്നത്. 1980ൽ ഓസ്‌ട്രേലിയയിൽ ഈ ഡിസൈനിൽ ഫ്ളഷ് ടാങ്ക് നിർമ്മിച്ചു. ആവശ്യത്തിന് മാത്രം ഫ്‌ളഷ് ടാങ്ക് ഉപയോഗിക്കുന്നതിലൂടെ വർഷം 20,000 ലിറ്റർ ജലം ലാഭിക്കാനാകും എന്നതാണ് ഈ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.