തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി വീട്ടുമുറ്റത്ത്. ബഹളം തുടർന്നതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് വീട്ടുകാർ എത്തി വധുവിനെ സ്വന്തം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി. വിവാഹ ദിവസംതന്നെ വരനും വധുവും വേർപിരിഞ്ഞു.
സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് വരൻ കരമന നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു വിവാഹം. തുടർന്ന് വധുവിനെയും കൂട്ടി യുവാവ് വീട്ടിലെത്തിയപ്പോഴാണ് 39കാരിയായ ഒരു സ്ത്രീ അവിടെയെത്തി ബഹളം വച്ചത്. യുവാവുമായി തനിക്ക് നേരത്തെ ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തന്നെ യുവാവ് പീഡിപ്പിച്ചുവെന്നാരോപിച്ച് കരമന പൊലീസിൽ പരാതിയും നൽകി.
അതോടെ വധുവിനെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. യുവാവിനും രക്ഷിതാക്കൾക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി ഫോർട്ട് പൊലീസ് കേസെടുത്തു.