ന്യൂഡൽഹി: വിമാനത്തിൽ കറങ്ങി നടന്ന് ലക്ഷങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. ഡൽഹി സ്വദേശി രാജേഷ് കപൂർ എന്നായാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 110 ദിവസങ്ങൾ കൊണ്ട് 200 വിമാനങ്ങൾ കയറി ഇയാൾ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചതായി കണ്ടെത്തി.
കഴിഞ്ഞ മാസം ഹെെദരാബാദിൽ നിന്ന് വിമാനത്തിൽ യാത്ര ചെയ്ത ഒരു സ്ത്രീ തന്റെ ഹാൻഡ്ബാഗിൽ നിന്ന് ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയതായി പരാതി നൽകിയിരുന്നു. ഇത് കൂടാതെ യുഎസ് പൗരനും തന്റെ ബാഗിൽ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ മോഷണം പോയതായി മറ്റൊരു പരാതി പൊലീസിന് നൽകി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുതിയ രീതിയിലുള്ള മോഷണ വിവരം പുറത്തറിയുന്നത്.
ഡൽഹി, ഹെെദരാബാദ്, അമൃത്സർ വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെയാണ് രാജേഷ് കപൂറിനെ അറസ്റ്റ് ചെയ്യുന്നത്. വിമാനത്തിലും വിമാനത്താവളത്തിലുമായി ൽ ഒരു വർഷമായി പ്രതി ഇത്തരം കവർച്ചകൾ നടത്തുന്നതായി പൊലീസ് കണ്ടെത്തി.
കണക്ടിംഗ് ഫ്ലെെറ്റുകൾ എടുത്ത യാത്രക്കാരെയാണ് പ്രതി പ്രധാനമായി ലക്ഷ്യമിടുന്നതെന്ന് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഉഷാ രംഗ്‌രാണി പറഞ്ഞു. ഇതിൽ പ്രായമായവരെയും സ്ത്രീകളെയുമാണ് രാജേഷ് കപൂർ കൂടുതലായി നോട്ടം ഇടുന്നത്. ബാഗിനുള്ളിൽ വിലപിടിപ്പുള്ള വസ്തുകൾ ഉണ്ടെന്ന് മനസിലാക്കിയാൽ പ്രതി ഇവരുടെ പെരുമാറ്റം നിരീക്ഷിക്കുന്നു. ശേഷം ബോർഡിംഗ് ഗേറ്റിൽ വച്ച് ഇവരുമായി സൗഹൃദം സ്ഥാപിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് വിവരം.
ചിലപ്പോൾ വിമാനത്തിലെ സീറ്റ് മാറ്റാൻ പ്രതി ആവശ്യപ്പെട്ടിരുന്നതായും വിമാനക്കമ്പനി അധികൃതർ പൊലീസിനോട് പറഞ്ഞു. സീറ്റിലെത്തിയ ശേഷം മുകളിലിരിക്കുന്ന ബാഗുകൾ ക്രമീകരിക്കുന്നത് പോലെ നിന്നിട്ട് അവിടെയുള്ള ബാഗുകളിൽ നിന്ന് പ്രതി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയാണ് ചെയ്തിരുന്നത്. വിമാനത്താവളത്തിന് ഉള്ളിൽ വച്ചും പ്രതി മോഷണം നടത്താറുണ്ട്.
രാജേഷിനെ കൂടാതെ കൂടുതൽ പേർ ഇയാളെ സഹായിച്ചിരുന്നതായാണ് വിവരം. വിമാനക്കമ്പനികളിൽ നിന്ന് പ്രതിയുടെ ഫോൺ നമ്പർ ലഭിച്ചിരുന്നുവെങ്കിലും വ്യാജ നമ്പറാണ് പ്രതി നൽകിയിരുന്നത്. ഡൽഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള പഹർഗഞ്ചിലെ 'റിക്കി ഡീലക്സ്' എന്ന ഗസ്റ്റ് ഹൗസ് രാജേഷിന്റെ പേരിലാണ് ഉള്ളത്. ഇവിടെത്തെ മൂന്നാം നിലയിലാണ് പ്രതി താമസിച്ചിരുന്നത്. പ്രതിയ്ക്ക് മണി എക്സ്ചേഞ്ച് ബിസിനസും ഡൽഹിയിൽ മൊബെെൽ റിപ്പയർ ഷോപ്പും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ്, ബംഗളൂരു, മുംബായ്, അമൃത്സർ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന സ്ത്രീകളുടെ ബാഗുകളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ട്. പഹർഗഞ്ചിലെ ഇയാളുടെ വീട്ടിൽ നിന്ന് സ്വർണവും വെള്ളിയും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച ചില ആഭരണങ്ങൾ വിറ്റതായും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. മുൻപ് രാജേഷ് ട്രെയിനിലാണ് മോഷണം നടത്തിക്കൊണ്ടിരുന്നതെന്ന് പൊലീസ് പറയുന്നു. അവിടെ നിന്ന് പൊലീസ് ഇയാളെ പിടികൂടിയിട്ടുണ്ട്. അതിന് ശേഷമാണ് പ്രതിവിമാനത്തിൽ മോഷണം നടത്താൻ ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.