ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കോടീശ്വരൻ ആരാണെന്ന് ചോദിച്ചാൽ, ഒറ്റ ഉത്തരമേ ഉണ്ടാകൂ. അത് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ രത്തൻ ടാറ്റ. ഒരു ബിസിനസുകാരൻ എന്നതിലുപരി ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയാണ് രത്തൻ ടാറ്റ. ടാറ്റ ഗ്രൂപ്പിനെ ഉയരത്തിലെത്തിക്കാൻ അദ്ദേഹവും കുടുംബവും നടത്തിയ പരിശ്രമങ്ങൾ ചെറുതല്ല. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടാറ്റ ഗ്രൂപ്പ് അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലൂടെ വിപുലമായ ബിസിനസ് സാമ്രാജ്യമാണ് കെട്ടിപ്പടുത്തത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾക്ക് 100000 കോടിയിലധികം വിപണി മൂല്യമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ ഇപ്പോഴിതാ ടാറ്റയെക്കുറിച്ചുള്ള ചർച്ചകൾ ഒരു ഭാഗത്ത് നടക്കുമ്പോൾ 15,9000 കോടി വിപണി മൂല്യമുള്ള ടാറ്റയുടെ 'ട്രെന്റ്' എന്ന കമ്പനിയും ചർച്ചയിൽ ഇടം പിടിക്കുകയാണ്. നിലവിൽ രത്തൻ ടാറ്റയുടെ സഹോദരൻ നോയൽ ടാറ്റയാണ് ട്രെന്റിന്റെ തലവൻ. എന്നാൽ ട്രെന്റ് സ്ഥാപിച്ച ആ വനിതയെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? രത്തൻ ടാറ്റയുടെ വളർത്തമ്മയായ സിമോൺ ടാറ്റയാണ് ട്രെന്റ് സ്ഥാപിച്ചത്.
ഒരു ടൂറിസ്റ്റായി ഇന്ത്യയിൽ എത്തി രത്തൻ ടാറ്റയുടെ വളർത്തമ്മയായും ഇന്ത്യയിലെ ഏറ്റവും വലിയ വിപണി മൂല്യമുള്ള കമ്പനി സ്ഥാപിച്ച സിമോൺ ടാറ്റയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്. ജനീവയിൽ ജനിച്ചു വളർന്ന സിമോൺ ടാറ്റ, 23ാം വയസിൽ ഒടു ടൂറിസ്റ്റായി ഇന്ത്യ സന്ദർശിച്ചപ്പോഴാണ് രത്തൻ ടാറ്റയുടെ പിതാവ് നവാൻ ഹോർമുസ്ജി ടാറ്റയെ പരിചയപ്പെടുന്നത്. ഒരുപാട് വർഷങ്ങൾ ഒരുമിച്ച് ജീവിച്ചതിന് ശേഷം 1955ൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നാലെ സിമോൺ മുംബയിലേക്ക് സ്ഥിരതാമസമാക്കി. ഇതോടെ രത്തൻ ടാറ്റയുടെ വളർത്തമ്മയായ സിമോൺ 1957ൽ നോയൽ ടാറ്റയ്ക്ക് ജന്മം നൽകി.
നോയലിന് ജന്മം നൽകി കുറച്ച് വർഷങ്ങൾക്ക് ശേഷമായിരുന്നു സിമോൺ ടാറ്റ ഓയിൽ മില്ലിന്റെ ഉപ കമ്പനിയായ ലാക്‌മെയിൽ ചേർന്നത്. 20 വർഷത്തോളം കമ്പനിയിൽ സേവനം അനുഷ്ഠിച്ച സിമോൺ കമ്പനിയുടെ ചെയർപേഴ്സൺ പദവിയും അലങ്കരിച്ചു. ലാക്‌മെയുടെ വിജയത്തെത്തുടർന്ന് 1989ൽ ടാറ്റ ഇൻഡസ്ട്രീസിന്റെ ബോർഡിൽ സൈമൺ നിയമിതയായി. വെറും എട്ട് വർഷം കൊണ്ട് ലാക്‌മെയിയെ വലിയൊരു സൗന്ദര്യവർദ്ധക ബ്രാൻഡാക്കി മാറ്റാൻ സിമോണിന് സാധിച്ചു.
തുടർന്ന് 1996ൽ ലാക്‌മെയിയെ ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡിന് വിറ്റു. ഈ പണം സമാഹരിച്ചാണ് ടാറ്റ 'ട്രെന്റ്' എന്ന കമ്പനിക്ക് തുടക്കമിട്ടത്. ഫാഷൻ ബ്രാൻഡായ വെസ്റ്റ്‌സൈഡ്, ലാൻഡ് മാർക്ക് ബുക്ക്‌സ്റ്റോർ എന്നീ കമ്പനികളെ നയിക്കുന്നത് ട്രെന്റ് ആണ്. ലാക്‌മെയുടെ വിൽപ്പനയ്ക്ക് ശേഷം ഓഹരി ഉടമകൾക്ക് ട്രെന്റിൽ തുല്യമായ ഓഹരികൾ നൽകിയിരുന്നു. 2006 ഒക്ടോബർ 30 വരെ ട്രെന്റ് ലിമിറ്റഡിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി സിമോൺ ടാറ്റ സേവനമനുഷ്ഠിച്ചിരുന്നു.