ഇന്ന് മനുഷ്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തവയായി മാറിയിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങളും ഇന്റർനെറ്റും. മനുഷ്യരുടെ ജീവിതം ഇവയുമായി വേർപ്പെടുത്താനാവാത്ത വിധം ബന്ധപ്പെട്ടുകിടക്കുന്നു. സാങ്കേതികവിദ്യ വളരുന്നതോടൊപ്പം അവയുടെ ഗുണങ്ങളും ദോഷങ്ങളും വർദ്ധിക്കുകയാണ്. സൈബർ ആക്രമണങ്ങളും ഡീപ് ഫേക്ക് ചിത്രങ്ങളും ദൃശ്യങ്ങളും അശ്ലീല ചിത്രങ്ങളുടെ പ്രചാരണവും മോർഫിംഗുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇവയ്ക്കൊപ്പം വർദ്ധിച്ചുവരുന്ന ഒന്നാണ് നോൺ കൺസെൻഷ്വൽ ഇന്റിമേറ്റ് ഇമേജുകൾ (എൻസിഐഐ- സമ്മതമില്ലാതെ പ്രചരിപ്പിക്കുന്ന സ്വകാര്യ ചിത്രങ്ങൾ). കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി മൈക്രോസോഫ്‌ടിനോടും ഗൂഗിളിനോടും ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയതോടെ എൻസിഐഐ വീണ്ടും ചർച്ചയാവുകയാണ്.
നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്റർനെറ്റിലെ എൻസിഐഐ സ്വപ്രേരിതമായി തിരിച്ചറിയാനും നീക്കം ചെയ്യാനും സെർച്ച് എഞ്ചിനുകളോട് നിർദ്ദേശിച്ച ഉത്തരവ് പുനഃപരിശോധിക്കുന്നതിന് ഹർജി ഫയൽ ചെയ്യാൻ ഡൽഹി ഹൈക്കോടതി മൈക്രോസോഫ്റ്റ് കോർപ്പറേഷനോടും ഗൂഗിൾ എൽഎൽസിയോടും ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്താണ് നോൺ കൺസെൻഷ്വൽ ഇന്റിമേറ്റ് ഇമേജുകൾ (എൻസിഐഐ)
ചിത്രത്തിലുള്ളയാളുടെ സമ്മതമില്ലാതെ അയാളുടെ സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്പ്‌ലോഡ് ചെയ്യുന്നതാണ് നോൺ കൺസെൻഷ്വൽ ഇന്റിമേറ്റ് ഇമേജുകൾ. സ്വന്തം സ്വകാര്യ ചിത്രങ്ങൾ ഒരാൾ മറ്റൊരാൾക്ക് പങ്കുവച്ചാൽ പോലും അയാളുടെ സമ്മതമില്ലാതെ അവ ഇന്റർനെറ്റിൽ അപ്പ്‌ലോഡ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരം സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കൈവശം ലഭിക്കുന്നവർ ലൈംഗിക താത്‌പര്യങ്ങൾക്കായോ പണത്തിനും മറ്റുമായോ ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന അനേകം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
നിയമത്തിൽ ചൂണ്ടിക്കാട്ടുന്നത്
ഐപിസി 354സിയിലാണ് എൻസിഐഐയ്ക്കെതിരായുള്ള കുറ്റം വ്യക്തമാക്കുന്നത്. സ്വകാര്യതയുടെ ലംഘനമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യയിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതും സമ്മതമില്ലാതെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതയും ഇതിൽ ഉൾപ്പെടുന്നു. മൂന്നുവർഷംവരെ തടവും പിഴയുമാണ് കുറ്റക്കാർക്ക് ലഭിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തുന്നത്. ഐടി ആക്‌ട്, 2000ലെ 66ഇ വകുപ്പും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ചുമത്തുന്നു.
ദേശീയ ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ നിന്നാണ് ഇത്തരം കേസുകൾ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്. എൻസിഐഐ കേസുകൾ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നഗരം മുംബയ് ആണ്. ഡൽഹി, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളാണ് പിന്നിലുള്ളത്.
എൻസിഐഐ നീക്കം ചെയ്യാൻ ഗൂഗിളിനും മൈക്രോസോഫ്‌ടിനും ആകുമോ?
വ്യക്തിയുടെ സമ്മതമില്ലാതെ ഇന്റർനെറ്റിൽ അപ്പ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ തിരിച്ചറിയാനും നീക്കം ചെയ്യാനും സെർച്ച് എഞ്ചിനുകൾക്ക് സാധിക്കുമോയെന്ന ചോദ്യത്തിനുത്തരം ഇല്ല എന്നാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഇക്കാര്യത്തിൽ മികച്ചവയല്ലെന്നും വികസന പ്രക്രിയയിലാണെന്നും മൈക്രോസോഫ്‌ടും ഗൂഗിളും പറയുന്നു.
ഒരു കേസുമായി ബന്ധപ്പെട്ട് 2023 ഏപ്രിൽ 26ലെ സിംഗിൾ ബെഞ്ച് ഉത്തരവിന്റെ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യാനാണ് ടെക് ഭീമന്മാരോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹാഷ്-മാച്ചിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്താനാണ് കോടതി നിർദ്ദേശം.
ഇന്റർനെറ്റിൽ തന്റെ സ്വകാര്യ ചിത്രങ്ങൾ സമ്മതമില്ലാതെ അപ്പ്‌ലോഡ് ചെയ്യപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചില സൈറ്റുകൾ ബ്ളോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു യുവതി നൽകിയ ഹർജിയിലാണ് 2023 ഏപ്രിലിൽ ഡൽഹി ഹൈക്കോടതി ടെക് ഭീമന്മാർക്ക് നിർദേശം നൽകിയത്. നിർദ്ദിഷ്ട യുആർഎല്ലുകൾ (യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റർ) ആവശ്യപ്പെടാതെ തന്നെ നിലവിലെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വ്യക്തിയുടെ സമ്മതമില്ലാതെ അപ്പ്‌ലോഡ് ചെയ്യപ്പെടുന്ന സ്വകാര്യ ചിത്രങ്ങൾ തിരിച്ചറിയാനും നീക്കം ചെയ്യാനുമാണ് ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട് ഉത്തരവിട്ടത്. ഇതിനെതിരായുള്ള പുനഃപരിശോധനാ ഹർജി നൽകാനാണ് കോടതിയുടെ പുതിയ നിർദേശം.
ആവശ്യമായ സാങ്കേതിക വിദ്യകൾ ഇല്ലെന്നുപറഞ്ഞ് ഗൂഗിളിനും മൈക്രോസോഫ്‌ടിനും തങ്ങളുടെ നിയമപരമായ ബാദ്ധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സമ്മതമില്ലാതെ അപ്പ്‌ലോഡ് ചെയ്യപ്പെടുന്ന സ്വകാര്യ ചിത്രങ്ങൾ റിവഞ്ച് പോൺ, വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശലംഘനം, വ്യക്തിയിൽ മാനസികാഘാതം ഉണ്ടാക്കൽ എന്നിവയ്ക്ക് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുന്നതും അവരുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പ്രദർശിപ്പിക്കുന്നതും അപ്പ്‌ലോഡ് ചെയ്യുന്നതും പങ്കിടുന്നതും തടയുന്നതിന് ന്യായമായ ശ്രമങ്ങൾ ഗൂഗിളും മൈക്രോസോഫ്‌ടും നടത്തണമെന്നും കോടതി നിർദേശിച്ചു. 2023ലെ സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പിലാക്കാമെന്ന് യുട്യൂബ് കോടതിയെ അറിയിച്ചിരുന്നു.
മൈക്രോസോഫ്‌ടും ഗൂഗിളും മറുപടി നൽകിയത്
സ്വകാര്യ ചിത്രങ്ങൾ നീക്കം ചെയ്യേണ്ടത് അതത് പ്ളാറ്റ്‌ഫോമുകളാണെന്നും സെർച്ച് എഞ്ചിനുകളല്ല എന്നും ഗൂഗിളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് നിഗം കോടതിയിൽ വ്യക്തമാക്കി. ഇത്തരം കണ്ടന്റുകൾ നീക്കം ചെയ്യാൻ നിർദ്ദിഷ്ട പ്ളാറ്റ്‌ഫോമുകൾക്കാണ് നിർദേശം നൽകേണ്ടതെന്നും എന്നാൽ കോടതി ഉത്തരവിട്ടത് സെർച്ച് എഞ്ചിനുകളോടാണെന്നും അഭിഭാഷകൻ പറഞ്ഞു.
കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം ചിത്രങ്ങളാണെങ്കിൽ ഇന്റർനെറ്റിന് അവ തിരിച്ചറിയാൻ സാധിക്കുമെന്നും എന്നാൽ മുതിർന്നവരുടെ ചിത്രങ്ങൾ സമ്മതത്തോടെയാണോ അപ്പ്‌ലോഡ് ചെയ്യപ്പെട്ടതെന്നും തിരിച്ചറിയാൻ എഐ വികസിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെർച്ചുകളിൽ നിന്ന് അത്തരം ഉള്ളടക്കത്തിന്റെ പകർപ്പുകൾ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും ഗൂഗിൾ സ്വമേധയാ ആണ് അതിന്റെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ ഹാഷ്-മാച്ചിംഗ് സാങ്കേതികവിദ്യ വഴി ഫോട്ടോകൾ എളുപ്പത്തിൽ പരിഷ്‌ക്കരിക്കാനും ഗൂഗിളിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ ആഗോളപരമായി നിയമവിരുദ്ധമായതിനാൽ അത്തരം ഉള്ളടക്കങ്ങൾ ഗൂഗിളിന് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പകർത്തുന്നതും പങ്കിടുന്നതും സന്ദർഭത്തെ ആശ്രയിച്ചിരിക്കുമെന്നും ഗൂഗിൾ കോടതിയെ അറിയിച്ചു.