election

മുംബയ്: രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബയിൽ വമ്പൻ റാലിക്കൊരുങ്ങി 'ഇന്ത്യ' സഖ്യം. മേയ് 17ന് മുംബയിൽ എൻ.ഡി.എ സംഘടിപ്പിക്കുന്ന റാലിക്ക് മറുപടിയെന്നോണമാണ് ഇന്ത്യ സഖ്യം ശക്തി പ്രകടനം നടത്തുന്നത്.

മേയ് 17ന് മുംബയ് ശിവാജി പാർക്കിലാണ് എൻ.ഡി.എ റാലി. അന്നേദിവസം ഏറെക്കുറെ ഒരേ സമയത്ത് ബാന്ദ്ര കുർള കോംപ്ലക്സിൽ (ബി.കെ.സി) റാലി നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ശിവസേന (ഉദ്ധവ് വിഭാഗം) തലവൻ ഉദ്ധവ് താക്കറെ, എൻ.സി.പി സ്ഥാപകൻ ശരദ് പവാ‌‌ർ,​ എ.എ.പി കൺവീനർ അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ പ്രമുഖർ റാലിയിൽ അണിനിരക്കും. മേയ് പതിനെട്ടിന് മുംബയിൽ പ്രതിപക്ഷ നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനവുമുണ്ടാകും. ശിവാജി പാർക്കിലെ എൻ.ഡി.എ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ബി.ജെ.പി സഖ്യത്തെ പിന്തുണയ്ക്കുന്ന മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്)​ നേതാവ് രാജ് താക്കറെ റാലിക്ക് ചുക്കാൻ പിടിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തില്ലെങ്കിലും ശിവാജി പാർക്കുമായി രാജ് താക്കറെയ്ക്കുള്ള ആത്മബന്ധം പ്രചാരണത്തിന് ഊർജ്ജം പകരുമെന്ന് എൻ.ഡി.എ കണക്കുകൂട്ടുന്നു.