bufallo

പട്രോളിംഗിന് ജീപ്പുകൾക്കു പകരം പോത്തിനെ ഉപയോഗിക്കുന്ന ഒരു സ്ഥലമുണ്ട് ബ്രസീലിൽ. മാരാജോ ദ്വീപിൽ,​ പോത്തിൻപുറമേറി വരുന്ന ഈ പൊലീസ് ഓഫീസർമാരുടെ വരവു കണ്ടാൽ മതി,​ കുറ്റവാളികൾ പമ്പകടക്കാൻ...

പോത്ത് ആരുടെ വാഹനമാണ്? പുരാണങ്ങൾ അനുസരിച്ച് മരണത്തിന്റെ ദേവനായ യമന്റെ വാഹനമാണ് പോത്ത് എന്ന ഉത്തരമാകും ആദ്യം ഓർമ്മ വരിക. എന്നാൽ, തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിലെ പരാ സംസ്ഥാനത്തിന്റെ ഭാഗമായ മാരാജോ ദ്വീപിലുള്ളവരുടെ ഉത്തരം മിലിട്ടറി പൊലീസ് എന്നാകും! കാരണം, ഇവിടെ മിലിട്ടറി പൊലീസ്, പട്രോളിംഗ് നടത്തുന്നത് പോത്തിന്റെ പുറത്താണ്.

പട്രോളിംഗിന് ഫെരാരിയും ലംബോർഗിനിയും പോലും ഉപയോഗിക്കുന്ന ഇക്കാലത്ത് ഒരു സാധാരണ ജീപ്പ് വാങ്ങാനുള്ള ശേഷി ഈ പൊലീസിനില്ലേ എന്നു ചോദിക്കുന്നവർക്ക് തെറ്റി. മാരാജോയിലെ 'ബഫലോ പൊലീസ്"പട്രോളിംഗിന് ഒരു കഥ പറയാനുണ്ട്! ഭൂമിയിലെ ഏറ്റവും കടുപ്പമേറിയ പ്രതിരോധ സേനകളിലൊന്നായാണ് ബ്രസീലിന്റെ മിലിട്ടറി പൊലീസ് അറിയപ്പെടുന്നത്. മാരാജോയിലെ മിലിട്ടറി പൊലീസ് ബറ്റാലിയൻ ആകട്ടെ കാര്യങ്ങൾ മറ്റൊരു ലെവലിൽ കൈകാര്യം ചെയ്യുന്നവരാണെന്നു വേണം പറയാൻ. നമ്മുടെ നാട്ടിലെപ്പോലെ അത്ര എളുപ്പമല്ല ഇവിടത്തെ പൊലീസ് പട്രോളിംഗ്. ക്രിമിനൽ സംഘങ്ങൾക്കും മയക്കുമരുന്ന് മാഫിയയ്ക്കും യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് ലാറ്റിനമേരിക്ക എന്നറിയാമല്ലോ. മാരാജോയിലും കാര്യങ്ങൾ ഒട്ടും വ്യത്യസ്തമല്ല. എന്നാൽ, ഇവിടത്തെ ഭൂപ്രകൃതി കുറ്റവാളികളെ പൊലീസിന്റെ കൈകളിൽ നിന്ന് എളുപ്പം വഴുതിപ്പോകാൻ സഹായിക്കുന്നതാണ്.

ആമസോൺ നദി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ചേരുന്നയിടം. വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നതുകൊണ്ടു തന്നെ വെള്ളപ്പൊക്കം ഇവിടെ സ്ഥിരമാണ്. എപ്പോഴും മഴ. ചെളി നിറഞ്ഞ പ്രദേശങ്ങളും ചതുപ്പു നിലങ്ങളും ധാരാളം. ഈ സാഹചര്യത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ പിന്തുടരാനും ആവശ്യമെങ്കിൽ കണ്ടൽ ചതുപ്പുകളിലൂടെ നീന്താനും 1000 കിലോഗ്രാമിലേറെ ഭാരം വയ്ക്കാവുന്ന, കൂറ്റൻ കൊമ്പുകളോടു കൂടിയ ഈ ഭീകരൻ പോത്തുകൾക്ക് യാതൊരു മടിയുമില്ല.

മാരാജോയിൽ മോട്ടോർ ബൈക്കിനോ ബോട്ടിനോ പോലും എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളുണ്ട്. ഇവിടെയെല്ലാം പോത്തുകൾക്ക് കടന്നുചെല്ലുന്നതിന് തടസമില്ല. മറ്റൊരു കൗതുകം കൂടി കേൾക്കുക: 3 - 4 ലക്ഷത്തോളമാണ് മാരാജോയിലെ ജനസംഖ്യ. ഇവിടുത്തെ പോത്തുകളുടെ എണ്ണമാകട്ടെ,​ ഇതിന്റെ ഇരട്ടിയോളം വരും. അതിനാൽ പോത്തുകൾ മാരാജോക്കാർക്ക് അപരിചിതരല്ല. ബ്രസീലിന്റെ മറ്റു ഭാഗങ്ങളിൽ പോത്തുകളെ കാണുന്നത് അപൂർവമാണ് താനും.

ദ്വീപിന്റെ അങ്ങോളമിങ്ങോളം ആളുകളെയും സാധനങ്ങളെയും എത്തിക്കുന്നതിന് ടാക്സി, ട്രക്ക്, ഡെലിവറി വാൻ തുടങ്ങിയവയ്ക്കു പകരം പോത്തുകളെയാണ് മാരാജോക്കാർ ഉപയോഗിക്കുന്നത്. റെസ്റ്റോറന്റുകളിൽ പോത്തിറച്ചി കൊണ്ടുള്ള ബർഗറുകളും എരുമപ്പാലിൽ നിന്നുള്ള ചീസും ഐസ്ക്രീമും കിട്ടും. ദ്വീപിലെ നദീ തീരങ്ങളിൽ നീന്തുന്ന പോത്തുകൾ സ്ഥിരം കാഴ്ചയാണ്. ദ്വീപിലെ സോറെ നഗരത്തിലുള്ള പൊലീസ് ആസ്ഥാനത്തു നിന്ന് പോത്തുകളുടെ കൂടെയുള്ള സവാരിയിലൂടെയാണ് മിലിട്ടറി പൊലീസ് ഓഫീസർമാരുടെ ദിവസം തുടങ്ങുന്നത്. ചെറുകിട ക്രിമിനലുകളെ അകറ്റാൻ ഈ കാഴ്ച തന്നെ ധാരാളം. പോത്തുകൾക്കു പുറത്ത് പൊലീസുകാർക്ക് ഇരിക്കാൻ പ്രത്യേകം സീറ്റുകൾ ഘടിപ്പിച്ചിരിക്കും.

1990-കളുടെ തുടക്കത്തിലാണ് പട്രോളിംഗിനായി പോത്തുകളെ പൊലീസ് ഉപയോഗിച്ചു തുടങ്ങിയത്. അന്ന് ഫോക്സ്‌വാഗണിന്റെ കോമ്പി വാനായിരുന്നു മാരാജോയിലെ പൊലീസിന്റെ സ്വത്ത്. ഇന്ന് മാരാജോയിലെ മിലിട്ടറി പൊലീസ് ഓഫീസർമാർക്ക് സഞ്ചാരത്തിന് എ.സി കാറുകളുണ്ട്. വിരലിലെണ്ണാവുന്ന അംഗങ്ങളേ ഇപ്പോൾ ബഫലോ സ്ക്വാഡിലുള്ളൂ. ഏതായാലും ഗുരുതര കുറ്റകൃത്യങ്ങൾ താരതമ്യേന കുറവായതിനാൽ ബഫലോ സ്ക്വാഡിന് വലിയ തലവേദനയില്ല. പോത്തുകളെ അടക്കം മോഷ്ടിക്കുന്നതാണ് ഇന്ന് ദ്വീപിലെ പ്രധാന കുറ്റകൃത്യം.

ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഏഷ്യൻ വാട്ടർ ബഫലോസ് ആണ് മാരാജോയിലുള്ളത്. ഇവയെങ്ങനെ മാരാജോയിലെത്തി എന്നത് ഇന്നും തർക്കവിഷയമാണ്. കപ്പൽ തകർന്ന് തീരത്തേക്ക് രക്ഷ തേടിയതാകാമെന്ന് ചിലർ പറയുന്നു. ഫ്രഞ്ച് ഗയാനയിൽ നിന്ന് രക്ഷപ്പെട്ടെത്തിയ തടവുകാർ കൊണ്ടുവന്നതാണെന്നും കഥയുണ്ട്. കര, വ്യോമ മാർഗ്ഗം മാത്രം എത്താനാകുന്ന മാരാജോയിലേക്ക് ബ്രസീലിലെ പ്രധാന നഗരമായ ബെലത്തിൽ നിന്ന് രണ്ടു മണിക്കൂർ നീണ്ട ബോട്ട് യാത്ര വേണം.


സ്വിറ്റ്സ‌ർലൻഡിനോളം വലുപ്പമുള്ള മാരാജോയിലെ ബഫലോ പൊലീസ് പട്രോളിംഗ് മികച്ച പരിസ്ഥിതി സൗഹൃദ രീതികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിത രീതികൾക്കായി ലോകം ഉ​റ്റുനോക്കുമ്പോൾ, ആധുനിക ആവശ്യങ്ങൾക്ക് പരമ്പരാഗത രീതികൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ ഉദാഹരണമായി മാരാജോയിലെ ബഫലോ പട്രോളിംഗ് വേറിട്ടുനിൽക്കുന്നു. പ്രാദേശിക ആവാസ വ്യവസ്ഥയെ മനസിലാക്കേണ്ടതിന്റെയും സമൂഹത്തിനും ലോകത്തിനും പ്രയോജനപ്പെടുന്ന തരത്തിൽ അവയെ ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം മാരാജോ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നു.