tea

നമ്മളിൽ പലർക്കും ഒഴിച്ചുകൂട്ടാൻ പറ്റാത്ത രണ്ട് കാര്യങ്ങളാണ് ചായയും കാപ്പിയും. പലർക്കും സമയത്ത് ഇവ കുടിച്ചില്ലെങ്കിൽ തലവേദന പോലും വരാറുണ്ട്. എന്നാൽ ചായയും കാപ്പിയും കുടിക്കുന്നത് കുറയ്ക്കാൻ പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. അടുത്തിടെ ഭക്ഷണ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചപ്പോഴാണ് ഇക്കാര്യം അവർ വ്യക്തമാക്കിയത്. ചായയും കാപ്പിയും അമിതമായി കുടിക്കുന്നത് ആരോഗ്യ പ്രശ്നത്തിന് കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഇന്ത്യയിൽ ഒരു വലിയ ജനവിഭാഗവും ചായ‌യ്‌ക്കോ കാപ്പിക്കോ അടിമകളാണ്. ഭക്ഷണത്തിന് മുൻപോ ശേഷമോ ചായയും കാപ്പിയും കുടിക്കരുതെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ചായയിലും കാപ്പിയിലും കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇത് മാനസികമായ പിരിമുറുക്കത്തിന് കാരണമാകുമെന്നാണ് കണ്ടെത്തൽ.പ്രതിദിനം വെറും 300 മില്ലിഗ്രാം കഫീൻ മാത്രമേ കഴിക്കാൻ പാടുള്ളു. ഒരു കപ്പ് (150 മില്ലി) ബ്രൂഡ് കാപ്പിയിൽ 80–120 മില്ലിഗ്രാം കഫീൻ അടങ്ങിയിരിക്കുന്നു. സാധാരണ കാപ്പിയിൽ 50–65 മില്ലിഗ്രാമും ചായയിൽ 30–65 മില്ലിഗ്രാം കഫീനും അടങ്ങിയിട്ടുണ്ട്.

ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപും ശേഷവും നിർബന്ധമായും കാപ്പിയും ചായയും ഒഴിവാക്കാൻ വിദഗ്ദ്ധർ ജനങ്ങളോട് ആവശ്യപ്പെടുന്നു. ചായയിലും കാപ്പിയിലും ടാനിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം ഇരുമ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതിന് കാരണമാകുന്നു. തുടർന്ന് അനീമിയ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ വരാൻ ഇടയാക്കും. അമിതമായ കാപ്പി ഉപഭോഗം ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് റിപ്പോർട്ടുണ്ട്. എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ട് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമവും വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നുണ്ട്.