പൂഞ്ഞാർ: അനാചാരങ്ങൾ അവസാനിപ്പിച്ച് ഹിന്ദുമതത്തെ ഗുരുദേവൻ ശുദ്ധീകരിച്ചെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.പുന:പ്രതിഷ്ഠ നടന്ന യോഗം പൂഞ്ഞാർ ശാഖയുടെ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിൽ പ്രവേശിക്കാനും പ്രാർത്ഥിക്കാനും അവസരമില്ലാതിരുന്ന പിന്നാക്ക വിഭാഗങ്ങൾക്കായി ക്ഷേത്രം പിടിച്ചെടുക്കുകയോ കലാപമുണ്ടാക്കുകയോ അല്ല ഗുരുദേവൻ ചെയ്തത്. പകരം ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കുകയായിരുന്നു. മൃഗബലി ഉൾപ്പെടെയുള്ള ദുരാചാരങ്ങൾ ഇല്ലാതാക്കി ആചാരങ്ങൾ നടപ്പാക്കി. അവ നവോത്ഥാനചരിത്രത്തിൽ നാഴികക്കല്ലായി മാറി. അധ:സ്ഥിതന് അധികാരം വേണമെന്ന് പറയുന്നവരെ ജാതിവാദികളാക്കി മാറ്റുന്നു. സാമൂഹ്യ നീതി നടപ്പാക്കാനാണ് താൻ ജാതി പറയുന്നത്. അധികാരം ഇപ്പോൾ ജാതിയിൽ അധിഷ്ഠിതമാണ്. സംഘടിതശക്തികൾ അധികാരം പങ്കിട്ടെടുക്കുന്നു. വോട്ടിൽ കൂട്ടായ്മയില്ലാത്തവരെ ചൂഷണം ചെയ്യുന്നു. സാമുദായികശക്തി സമാഹരണത്തിലൂടെ മാത്രമേ നീതി ലഭിക്കൂ. വോട്ടിന് വിലയുണ്ടാവണം. ഇത് മുന്നിൽക്കണ്ടാണ് സംഘടിച്ച് ശക്തരാകാൻ ഗുരു ആഹ്വാനം ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുദേവൻ പേരിട്ട സുശീലാമ്മയും സ്വാതന്ത്ര സമരസേനാനി എം.കെ.രവീന്ദ്രൻ വൈദ്യരും ചേർന്ന് ഭദ്രദീപം പ്രകാശിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എം.ആർ.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. തന്ത്രി രഞ്ചു അനന്തഭദ്രത് അനുഗ്രഹപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, മീനച്ചിൽ യൂണിയൻ ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, ജ്യോതിസ് മോഹൻ , ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി.നായർ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.അക്ഷയ് ഹരി, വേലംപറമ്പിൽ കുടുംബയോഗം ചെയർപേഴ്സൺ മിനർവ മോഹൻ, മീനച്ചിൽ യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല, പഞ്ചായത്തംഗം സജി സിബി, മുത്തൂറ്റ് ഗ്രൂപ്പ് എക്സി.ഡയറക്ടർ കെ.ആർ.ബിജിമോൻ, അരുൺ കുളമ്പള്ളിൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി.എസ്.വിനു സ്വാഗതവും വൈസ് ചെയർമാൻ വി.ഹരിദാസ് നന്ദിയും പറഞ്ഞു.