തിരുവനന്തപുരം: സ്കൂൾ തുറക്കാൻ രണ്ടാഴ്ച ശേഷിക്കെ കുട്ടികൾക്കാവശ്യമായ പുസ്തകങ്ങളും പഠനോപകരണങ്ങളും വാങ്ങാൻ തലസ്ഥാനത്ത് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. വേനൽച്ചൂട് കുറഞ്ഞതും സ്കൂൾ വിപണിക്ക് ഊർജ്ജം പകർന്നു.
തലസ്ഥാന നഗരത്തിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്റ്റോറുകളിലാണ് പുസ്തകങ്ങളും പഠനസാമഗ്രികളും വാങ്ങാൻ കൂടുതൽ പേരെത്തുന്നത്. പൊതു വിപണയിലേതിനെക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഈ സ്റ്റോറുകളിലെ വില്പന. 20 മുതൽ 60 ശതമാനം വരെ വിലക്കിഴിവിലാണ് ഇവിടങ്ങളിൽ ലഭ്യമാകുന്നത്.
വിപണി കീഴടക്കാൻ കച്ചവട തന്ത്രങ്ങൾ
500 രൂപ മുതലാണ് ബാഗുകളുടെ വില ആരംഭിക്കുന്നത്. ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രമുള്ള ബാഗുകൾ, നോട്ട്ബുക്കുകൾ, കുടകൾ എന്നിവയാണ് കുട്ടികൾക്ക് ഏറെ പ്രിയം. ആനിമേഷൻ കാർട്ടൂൺ ചിത്രങ്ങൾ പതിച്ച ബാഗുകൾക്ക് 800 രൂപയ്ക്ക് മുകളിലാണ് വില. ബ്രാൻഡഡ് ബാഗുകൾക്ക് 600 രൂപ മുതൽ 5000 രൂപ വരെ വില വരും. വൈകുന്നേരങ്ങളിലാണ് സ്റ്റാളുകളിൽ തിരക്ക് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ സ്കൂൾ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.