ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടി രൂപയുടെ ആസ്തിയുണ്ടെന്നും എന്നാൽ സ്വന്തമായി ഭൂമിയോ വീടോ കാറോ ഇല്ലെന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. സമ്പാദ്യത്തിൽ 2,85,60,338 കോടി രൂപ എസ്.ബി.ഐയിലെ സ്ഥിരനിക്ഷേപമാണ്. ഗാന്ധിനഗറിലും വാരാണസിയിലുമായി രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ 80,304 രൂപയുമുണ്ട്. കൈയിലുള്ള ആകെ പണം 52,920 രൂപ. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ 9.12 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. കൂടാതെ 2.68 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങളും സ്വന്തമായുണ്ട്. 2014ൽ ആദ്യമായി വാരാണസിയിൽ മത്സരിക്കുമ്പോൾ 1.66 കോടിയായിരുന്നു മോദിയുടെ ആസ്‌തി. 2019ൽ രണ്ടാം തവണ മത്സരിച്ചപ്പോൾ ഇത് 2.51 കോടിയായി. 2018-19ൽ 11.14 ലക്ഷം രൂപയായിരുന്ന മോദിയുടെ വരുമാനം 2022-23ൽ 23.56 ലക്ഷമായി ഉയർന്നു.
1978ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും 1983ൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയതായി സത്യവാങ്മൂലത്തിൽ പറയുന്നു. വ്യക്തിഗത വിവരങ്ങളിൽ ഭാര്യ യശോദാ ബെന്നിന്റെ പേരുണ്ടെങ്കിലും മറ്റു വിവരങ്ങൾ അറിയില്ലെന്നാണ് പറയുന്നത്. ആശ്രിതർ ആരുമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.