തിരുവനന്തപുരം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്റെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തി എം.ജി സർവകലാശാല . ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ആദ്യ 150റാങ്കിൽ എം.ജിയടക്കം 5 ഇന്ത്യൻ വാഴ്സിറ്റികളാണുള്ളത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരു വാഴ്സിറ്റി എം.ജിയാണ്.
ഏഷ്യൻ റാങ്കിംഗിൽ ചൈനയിലെ സിൻഹുവ,പീക്കിംഗ് സർവകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. ഇതിൽ എം.ജി വാഴ്സിറ്റി 134-ാം സ്ഥാനത്താണ്. അദ്ധ്യാപനം,ഗവേഷണം,വിജ്ഞാന കൈമാറ്റം,രാജ്യാന്തര വീക്ഷണം, തുടങ്ങി 18 സൂചികകൾ പരിഗണിച്ചാണ് റാങ്കിംഗ്. ആഗോള തലത്തിലെ 739 സർവകലാശാലകളാണ് റാങ്ക് പട്ടികയിലുള്ളത്.
ദേശീയ അക്രഡിറ്റേഷൻ (നാക്) ഗ്രേഡിംഗിൽ എം.ജിക്ക് എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നു. പഠനം,ഗവേഷണം,സംരംഭകത്വ വികസനം,വിദേശ സർവവകലാശാലകളും വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലെ മുന്നേറ്റമാണ് മികച്ച റാങ്ക് നേട്ടത്തിന് പിന്നിൽ.