വെഞ്ഞാറമൂട് : വേനലിൽ വെന്തുരുകിയ നിലയിലാണിപ്പോൾ ടൂറിസം മേഖല. സഞ്ചാരികളെത്താതെ വേനൽച്ചൂടിൽ വാടിത്തളർന്നിരിക്കുകയാണ് ജില്ലയിലെ മിക്ക ടൂറിസം കേന്ദ്രങ്ങളും. ചൂട് കൂടിയതോടെ അവധിക്കാലമായിട്ടുകൂടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവ് പേരിനുമാത്രമായി. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ എത്തുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. വൈകുന്നേരങ്ങളിൽ മാത്രമാണ് അല്പമെങ്കിലും സന്ദർശകരെത്തുന്നത്. കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി മലമുകളിലെ മഞ്ഞും കാഴ്ചകളും തേടിയെത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ചൂട് കൂടിയതോടെ ഹരിതാഭമായിരുന്ന മലമുകളും ഇല്ലാതെയായതോടൊപ്പം ഇവിടമെല്ലാം തീപിടിത്ത ഭീഷണിയിലുമാണ്.
പച്ചപുതച്ച് സഞ്ചാരികളെ മാടിവിളിച്ചിരുന്ന വെള്ളാണിക്കൽ പാറ, കടലുകാണിപ്പാറ എന്നിവിടങ്ങൾ സഞ്ചാരികൾ മറന്ന മട്ടാണ്. വാമനപുരം നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ കല്ലാർ, മീൻമൂട് എന്നിവിടങ്ങൾ നീർച്ചാലായി മാറി. വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് കുറഞ്ഞതും അത്യുഷ്ണവും സഞ്ചാരികളുടെ പിന്മാറ്റത്തിന് പ്രധാന കാരണമായിട്ടുണ്ട്. അതേസമയം ജലലഭ്യതയുള്ള ഇടങ്ങളിൽ ആളുകൾ എത്തുന്നുണ്ട്. മങ്കയം, വെള്ളച്ചാട്ടം, പാലരുവി എന്നിവിടങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ ഉയർച്ചയും ഉണ്ടായിട്ടുണ്ട്.
പ്രധാന ടുറിസ്റ്റ് കേന്ദ്രങ്ങൾ:
വർക്കല: വിദേശീയർ ഉൾപ്പെടെ നിരവധി ആളുകളാണ് കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ വർക്കലയിൽ എത്തിയിരുന്നത്. വെയിലിന്റെ കാഠിന്യം കൂടിയതോടെ വൈകുന്നേരങ്ങളിൽ പോലും ആളുകൾ കുറഞ്ഞിരിക്കുകയാണ്.
കടലുകാണിപ്പാറ കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലുകാണിപ്പാറ. ഇവിടെ നിന്നാൽ അറബിക്കടലും അതിലൂടെ പോകുന്ന കപ്പലുകളും കാണാം. പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നു, നൂറ്റാണ്ടുകൾക്ക് മുമ്പ് സന്യാസിമാർ ഇവിടെ തപസനുഷ്ഠിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. വേനലിൽ തീപിടിത്തം പതിവായതോടെ ടൂറിസ്റ്റുകളുടെ വരവും ഇവിടേക്ക് ഇല്ലാതായി.
ജഡായു എർത്ത് സെന്റർ: തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തിയിൽ സമുദ്ര നിരപ്പിൽ നിന്നും 750 അടി ഉയരത്തിലും 250 അടി നീളത്തിലും 200 അടി വീതിയിലും ആയിരം കോടി ചെലവിൽ നൂറ് ഏക്കറിൽ പുരാണവും ഐതിഹ്യവും സാഹസിക വിനോദവും ഹെൽത്ത് ടൂറിസവും പിൽഗ്രിം ടൂറിസവുമൊക്കെയായി സംസ്ഥാനത്ത് ആരംഭിച്ച ആദ്യ ഹെലികോപ്ടർ ടൂറിസം പദ്ധതിയാണിത്. വേനൽ രൂക്ഷമായതോടെ വെക്കേഷൻ കാലത്തും സഞ്ചാരികൾ കുറഞ്ഞു. പൊൻമുടി, മീൻമുട്ടി, മങ്കയം, അരിപ്പ, ബോണക്കാട്, കല്ലാർ എന്നിവിടങ്ങളിലെയും അവസ്ഥ ഇതു തന്നെ.