കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തിയാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്.
ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം മുഖ്യമന്ത്രി, വനിതാ കമ്മിഷൻ, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു. പന്തീരാങ്കാവ് പൊലീസ് തുടക്കത്തിൽ കേസെടുക്കാൻ വിമുഖത കാണിച്ചതായും ഒത്തുതീർപ്പിന് നിർബന്ധിച്ചതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവം വിവാദമായതോടെ പന്തീരാങ്കാവ് പൊലീസ് ഫോണിൽ വിളിച്ച് മകളുമായി സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ആറ് മാസം മുമ്പ് രാഹുൽ യുവതിയെ പെണ്ണുകാണാൻ എത്തിയെങ്കിലും അടുത്തകാലത്താണ് താത്പര്യം അറിയിച്ചത്. മൂന്നാഴ്ച മുമ്പ് വിവാഹനിശ്ചയം നടന്നു. ജർമ്മനിയിൽ എയ്റോനോട്ടിക്കൽ എൻജിനിയറായ രാഹുലിന് ലീവ് കുറവായതിനാൽ പെട്ടെന്ന് വിവാഹം നടത്തി. സ്ത്രീധനമായി കൈയിലുള്ളതു തന്നാൽ മതിയെന്നാണ് വിവാഹത്തിനു മുമ്പ് രാഹുലിന്റെ വീട്ടുകാർ പറഞ്ഞതെന്നും 75 പവൻ സ്വർണവും രണ്ടര ലക്ഷം രൂപയും നൽകിയെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
അതേസമയം മൊബൈൽ ഫോണിന്റെ ചാർജിംഗ് കേബിൾ കഴുത്തിൽ ചുറ്റി മുറുക്കിയപ്പോൾ 'നിന്നെ കൊല്ലുമെടീ..."യെന്ന് രാഹുൽ വിളിച്ചുപറഞ്ഞതായി പീഡനത്തിന് ഇരയായ നവവധു പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബെൽറ്റുകൊണ്ട് അടിച്ചു. കട്ടിലിലേക്ക് വലിച്ചിട്ട് ഇടിച്ചതോടെ ബോധരഹിതയായി. കണ്ണ് തുറന്നപ്പോൾ ബേബി മെമ്മോറിയിൽ ആശുപത്രിയിലായിരുന്നു. രാഹുലും അമ്മയും സഹോദരിയും ആശുപത്രിയിലുണ്ടായിരുന്നു. കുളിമുറിയിൽ വീണെന്നാണ് അവർ ആശുപത്രിയിൽ പറഞ്ഞത്.
അഞ്ചിന് ഗുരുവായൂരിലായിരുന്നു വിവാഹം. പതിനൊന്നിന് രാവിലെ അമ്മയും സഹോദരിയും രാഹുലും അടച്ചിട്ട മുറിയിൽ ഏറെ നേരം സംസാരിച്ചു. അതിന് ശേഷമാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് നവവധു പറഞ്ഞു. സംസാരിച്ചത് എന്താണെന്ന് രാഹുൽ പറഞ്ഞില്ല. സ്ത്രീധനവും കാറും എവിടെയെന്നായിരുന്നു ചോദ്യം. രാത്രി മദ്യപിച്ച് എത്തിയാണ് മർദ്ദനം തുടങ്ങിയത്. അമ്മയും സഹോദരിയും അടുത്ത മുറിയിലുണ്ടായിരുന്നു. രാഹുലിന്റെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. കരച്ചിൽ കേട്ടെങ്കിലും ആരും രക്ഷിക്കാനെത്തിയില്ലെന്നും യുവതി പറഞ്ഞു.