anamika

ഭുവനേശ്വർ: ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിന്റെ മൂന്നാം ദിനം കേരളത്തന് പൊൻതിളക്കമില്ല. ഹെപ്റ്റാത്ത‌്‌ലണിൽ കേരളത്തിനായി കെ.എ അനാമിക വെള്ളി നേടി. 2903 പോയിന്റ് നേടിയാണ് അനാമിക വെള്ളി നേടിയത്. തമിഴ്‌നാടിന്െ അഗസര നന്ദിനി 3274 പോയിന്റ് നേടി സ്വർണം നേടി. തമിഴ്നാടിന്റെ തന്നെ എസ്.ദീപികയ്ക്കാണ് വെങ്കലം. വനിതകളുടെ പോൾവോൾട്ടിൽ കേരളത്തിന്റെ മരിയ ജയ്സണും പുരുഷൻമാരുടെ ലോംഗ് ജമ്പിൽ മുഹമ്മദ് അനീസ് യാഹിയായും വെങ്കലം നേടി.

മരിയ 3.90 മീറ്റർ താണ്ടിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. നിലവിലെ ദേശീയ റെക്കാഡുകാരി തമിഴ്‌നാടിന്റെ റോസി മീന പോൾ രാജ് (4.05 മീറ്റർ) സ്വർണവും, ബരാനിക ഇളങ്കോവൻ (4 മീറ്റർ) വെള്ലിയും നേടി. പുരുഷൻമാരുടെ ലോംഗ് ജമ്പിൽ 7.83 മീറ്റർ ചാടിയാണ് മുഹമ്മദ് അനീസ് വെങ്കലം നേടിയത്.

നീരജിന്റെ ഫൈനൽ ഇന്ന്

പുരുഷൻമാരുടെ ജാവലിൻ ത്രോയി ഫൈനലിൽ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് ഇതിഹാസ താരം നീരജ് ചോപ്ര ഇന്ന് മത്സരിക്കാനിറങ്ങും. ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് കിഷോർ കുമാ‌ർ ജന,ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് ഡി.പി മനു എന്നിവരും ഫൈനൽ പോരാട്ടത്തിനിറങ്ങുന്നുണ്ട്. നേരത്തേ 75 മീറ്റർ ദൂരം പിന്നിട്ടവർക്ക് നേരിട്ട് ഫൈനലിലേക്ക് യോഗ്യത ലഭിച്ചിരുന്നു. ഇന്ന് രാത്രി 7 മുതലാണ് മത്സരം.

ലൈവ്: അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യുട്യൂബ് ചാനലിൽ.