കോവളം: ജയിലിൽ നിന്നിറങ്ങി കോവളത്ത് തുണിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുത്തു. കൊട്ടാരക്കര പുത്തൂർ കോട്ടാത്തല കരിക്കകത്ത് വീട്ടിൽ രാജേഷ് എന്ന അഭിലാഷി (43) നെയാണ് കോവളം പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്.
തുണിക്കടകളും മെഡിക്കൽ സ്റ്റോറുകളും അടക്കം നൂറ്റമ്പതോളം മോഷണങ്ങൾ നടത്തിയ ഇയാൾ മാർച്ചിലാണ് ജയിൽ മോചിതനായത്. ഇതിനിടെ ഏഴിടത്ത് വീണ്ടും കവർച്ച നടത്തി. ഇക്കഴിഞ്ഞ 6ന് തലസ്ഥാനത്ത് ഒരു ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് മോഷണത്തിനുള്ള സ്ഥലങ്ങൾ കണ്ടുവച്ചു. 12ന് പുലർച്ചെ കോവളം വാഴമുട്ടത്തെ തുണിക്കട കുത്തിത്തുറന്ന് 60,000 രൂപ മോഷ്ടിച്ചു.
മുഖംമൂടി ധരിച്ചിരുന്നെങ്കിലും സി.സി.ടി.വി യിൽ പതിഞ്ഞ ചിത്രവും വിരലടയാളവും ശാസ്ത്രീയ തെളിവുകളുമെല്ലാം പ്രതിയെ കുടുക്കി. കവർച്ചയ്ക്ക് ശേഷം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. പുതിയ നമ്പറും എടുത്തു. എന്നാൽ കോവളം പൊലീസ് ഇത് കണ്ടെത്തി. പ്രതിയുടെ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് പേരാമംഗലം പൊലീസിന് വിവരങ്ങൾ കൈമാറി. അവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് കോവളം പൊലീസ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും