ക്യാമറയുടെ മുൻപിൽ ദേവനന്ദ തിളങ്ങുന്ന കാഴ്ചയാണ് നമ്മൾ ഇതുവരെ കണ്ടത്. ഇനി ദേവനന്ദയുടെ കുട്ടിപ്പാട്ടും കേൾക്കാം. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ഗു എന്ന ചിത്രത്തിന്റെ പ്രൊമോ സോംഗ് ആലപിച്ചാണ് ദേവനന്ദ പാട്ടുകാരിയുടെ കുപ്പായം അണിയുന്നത്.വൻവിജയം നേടിയ മാളികപ്പുറത്തിനുശേഷം സൈജു കുറുപ്പും ദേവനന്ദയും അച്ഛനും മകളുമായി എത്തുന്ന ഗു തിയേറ്ററിൽ പ്രേക്ഷകരെ പേടിപ്പെടുത്താൻ എത്തുന്നു.
ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ എത്തുന്നത് ഇതാദ്യം. തമിഴിൽ അരങ്ങേറ്രം കുറിച്ച അരൺമനെെ 4 മികച്ച വിജയവുമായി ചിരിപ്പിച്ചും ഭീതി നിറച്ചും മലയാളിയുടെ ഹൃദയത്തിലും കയറിയിരിക്കുന്നു.
ചിങ്ങാരി കാറ്റേ
ആദ്യമായാണ് സിനിമയിൽ പാടുന്നത്. 'ചിങ്ങാരി കാറ്റേ, മടിച്ചി കാറ്റേ" എന്ന് തുടങ്ങുന്ന ഗാനമാണ് പാടിയത്.ബിനോയ് കൃഷ്ണൻ ചേട്ടൻ ആണ് പാട്ട് എഴുതിയത്. സംഗീതം നൽകിയത് ജോനാഥൻ ബ്രൂസ് ചേട്ടനും. അഭിനയിക്കുന്ന സിനിമയുടെ പ്രൊമോ ഗാനം പാടാൻ കഴിഞ്ഞതിൽ ഒരുപാട്സന്തോഷമുണ്ട്.
മാളികപ്പുറത്തിലെ പാട്ടുകൾ ചില വേദികളിൽ പാടിയിട്ടുണ്ട്. ഞാൻ പാട്ട് പഠിച്ചിട്ടില്ല. ഗു എന്നാൽ ഗുളികൻ. ഫാന്റസി ഹെറർ സിനിമയാണ് .
മാളികപ്പുറത്തിലെ കല്ലുവിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ഗുവിലെ മിന്ന.എന്നാൽ രണ്ടു പേർക്കും കഥ കേൾക്കാൻ ഇഷ്ടമാണ്. ഒളപ്പമണ്ണ മനയിലായിരുന്നു ഷൂട്ടിംഗ്. തറവാട്ടിൽ അവധിക്കാലം ആഘോഷിക്കാൻ അച്ഛനും അമ്മയ്ക്കും ഒപ്പം എത്തുന്ന മിന്ന. അവൾക്കും കൂട്ടുകാരായ കുട്ടികൾക്കും നേരിടേണ്ടി വരുന്ന ഭീതിപ്പെടുത്ത അനുഭവങ്ങളാണ് ഗു.ഹൊറർ സിനിമയിൽ ആദ്യമാണെങ്കിലും അഭിനയിക്കുമ്പോൾ പേടി തോന്നിയില്ല.
തമന്നയുടെ മകൾ
തമന്ന ദീദീയുടെ മകളായ ശക്തി എന്ന കഥാപാത്രത്തെയാണ് അരൺമനൈ 4ൽ അവതരിപ്പിച്ചത്. സുന്ദർ സി. സാർ മാളികപ്പുറം സിനിമയെക്കുറിച്ചും എന്റെ അഭിനയത്തെക്കുറിച്ചും ദീദീയോട് പറഞ്ഞിരുന്നു. അമ്മയുടെ സ്നേഹവും കരുതലും ദീദി തന്നു. സുന്ദർ സി സാർ, റാഷി ഖന്ന മാഡം, യോഗി ബാബു സാർ എല്ലാവരുടെയും കൂടെ കോമ്പിനേഷൻ സീനുണ്ടായിരുന്നു.
ഖുശ്ബു മാഡത്തെ പരിചയപ്പെടാൻ കഴിഞ്ഞു. സിമ്രാൻ മാഡത്തെയും കണ്ടു.എനിക്ക് തമിഴ് അറിയില്ല. അതിനാൽ ശക്തിക്ക് ശബ്ദം നൽകാൻ കഴിഞ്ഞില്ല. തമിഴ് ഡയലോഗ് ഇംഗ്ളീഷിൽ എഴുതിയാണ് പഠിച്ചത്.
മാളികപ്പുറം റിലീസായി രണ്ടാഴ്ചയ്ക്കകം തന്നെ അരൺമനൈ 4 ലേക്ക് വിളി വന്നു.ആസമയത്ത് സുന്ദർ സി. സാറും ഖുശ്ബു മാഡവും മാളികപ്പുറം കണ്ടിരുന്നു. മാനേജർ അച്ഛനെ വിളിക്കുകയായിരുന്നു. വലിയ താരങ്ങളോടൊപ്പം അരൺമനൈ 4 .
തമിഴിലും നല്ല തുടക്കമെന്ന് കരുതുന്നു. അതു വലിയ വിജയം നേടുന്നതിൽ ഒരുപാട് സന്തോഷം. വരിക്കാശേരി മനയിലും ചെന്നെെയിലുമായിരുന്നു ഷൂട്ടിംഗ്. മാളികപ്പുറം ടീമിന്റെ ഒപ്പമാണ് അടുത്ത സിനിമ. അതിന്റെ സന്തോഷവുമുണ്ട്.തമിഴിൽ നിന്ന് ഓഫർ വരുന്നുണ്ട്. ഒന്ന് രണ്ട് സിനിമകൾ സംസാരിച്ചിട്ടുണ്ട്.