കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽപ്പോയ ഭർത്താവ് രാഹുലിനായി തെരച്ചിൽ. ഇയാൾക്കെതിരെ വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. രാഹുൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
പന്തീരാങ്കാവ് പൊലീസിൽ നിന്ന് നീതിപൂർവ്വമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 'കേസ് എറണാകുളത്തേയ്ക്ക് മാറ്റണം. പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ ദുരനുഭവം നേരിട്ടു. രേഖാമൂലം പരാതി നൽകിയിട്ടും പൊലീസ് ഉചിതമായ നടപടിയെടുത്തില്ല.
രാഹുൽ കോട്ടയത്തുകാരനാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് നാലോ അഞ്ചോ വർഷമേ ആയിട്ടുള്ളൂ. രാഹുലിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അധികമായി വിവരങ്ങൾ ലഭിച്ചിരുന്നില്ല. പ്രശ്‌നക്കാരനായ ആളാണെന്ന് അറിഞ്ഞിരുന്നില്ല. രാഹുലിന്റെ പെരുമാറ്റവും സംസാരവും നല്ലതാണെന്ന് തോന്നിയതുകൊണ്ടാണ് മകളുടെ വിവാഹവുമായി മുന്നോട്ട് പോയത്.
രാഹുലിന് മുൻപ് രണ്ടുതവണ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. രാഹുൽ ഫ്രോഡ് ആണെന്ന് മനസിലാക്കിയാണ് അവർ വിവാഹം ഉപേക്ഷിച്ചുപോയത്. ഇയാൾ പല സ്ത്രീകളെയും വഞ്ചിച്ചിട്ടുണ്ട്. അതും പൊലീസ് അന്വേഷിക്കണം'-യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.
ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം മുഖ്യമന്ത്രി, വനിതാ കമ്മിഷൻ, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു. പന്തീരാങ്കാവ് പൊലീസ് തുടക്കത്തിൽ കേസെടുക്കാൻ വിമുഖത കാണിച്ചതായും ഒത്തുതീർപ്പിന് നിർബന്ധിച്ചതായും പെൺകുട്ടിയുടെ പിതാവ് മുൻപ് പറഞ്ഞിരുന്നു.