pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ വിവാദങ്ങൾക്കിടെ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്നുചേരും. രാവിലെ ഒൻപതരയ്ക്ക് ഓൺലൈൻ മുഖാന്തിരമാണ് യോഗം ചേരുന്നത്. സിംഗപ്പൂരിലുള്ള മുഖ്യമന്ത്രി അവിടെനിന്ന് ഓൺലൈനായി പങ്കെടുക്കും.

കാര്യമായ അജൻഡകളില്ലാത്തതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം വേണ്ടെന്നു വച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ കാര്യമായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും പാടില്ല. അതിനാൽ ഇന്നത്തെ യോഗത്തിലും അജൻഡകളില്ലെന്നാണ് സൂചന. ജൂൺ നാലിന് വോട്ടെണ്ണൽ കഴിഞ്ഞാലും ആറുവരെ പെരുമാറ്റചട്ടം പ്രാബല്യത്തിലുണ്ടാവും.നിയമസഭാ സമ്മേളനത്തിന്റെ തീയതി യോഗത്തിൽ തീരുമാനിക്കാനിടയുണ്ട്. ജൂൺ പത്തുമുതൽ സമ്മേളനം തുടങ്ങാനാണ് ആലോചന.

മുൻകൂട്ടി അറിയിക്കാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും ഇതേത്തുടർന്ന് ക്യാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള വിദേശയാത്ര കോൺഗ്രസും ബിജെപിയും വലിയ വിവാദമാക്കുകയായിരുന്നു. വിദേശത്ത് പോകുന്ന മുഖ്യമന്ത്രി ചുമതല കൈമാറാത്തതും സകുടുംബ യാത്രയുടെ ചിലവും ഉന്നയിച്ചാണ് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നത്.

16 ദിവസത്തെ വിദേശയാത്ര സംബന്ധിച്ച് അറിയിപ്പുകളില്ലാത്തത് ദൂരൂഹമാണെന്നാണ് പ്രതിപക്ഷ വാദം. യാത്രയുടെ സ്‌പോൺസറെ വെളിപ്പെടുത്തണമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായി വി. മുരളീധരനും കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പമുള്ള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ചുമതലയും ആർക്കും കൈമാറാത്തതെന്തെന്ന ചോദ്യവും ഉണ്ട്. സാമ്പത്തിക പ്രതിസന്ധിയും ഉഷ്ണതരംഗവും ജനങ്ങളെ വലയ്ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഉല്ലാസയാത്രയെന്നും വിമർശനമുയരുന്നു. പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് മുങ്ങിയെന്ന് ബിജെപിയും ആരോപിക്കുന്നു.

അതേസമയം, വിദേശയാത്ര പോയത് പാർട്ടി അനുമതിയോടെയാണെന്നും സ്വന്തം ചെലവിലാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശദീകരിച്ചത്. കേന്ദ്രാനുമതി തേടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.