rahul

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി ഗോപാലിന് വേറെയും ഭാര്യമാർ ഉണ്ടെന്ന് പൊലീസ്. ഇയാൾ മുമ്പ് രണ്ട് വിവാഹം കഴിച്ചിരുന്നുവെന്നും അത് നിലനിൽക്കെയാണ് പറവൂർ സ്വദേശിയായ യുവതിയെ വിവാഹം ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.

രാഹുൽ പൂഞ്ഞാറിൽ വിവാഹം രജിസ്റ്റർ ചെയ്‌തതായാണ് പന്തീരാങ്കാവ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ വിവാഹ ബന്ധം മോചിപ്പിച്ചിരുന്നില്ല. എന്നാൽ, ആദ്യം വിവാഹം ചെയ്‌ത പൂഞ്ഞാർ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. ഇവരുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട് പോവുകയാണെന്നും പൊലീസ് അറിയിച്ചു. ഇത് രണ്ടുമല്ലാതെ രാഹുൽ വേറെയും വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെ രാഹുൽ പി ഗോപാലിനെതിരെ പന്തീരാങ്കാവ് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഫറൂക്ക് ഡിവിഷൻ അസിസ്റ്റൻഡ് കമ്മീഷണർ സജു കെ എബ്രഹാമിന്റെ നിർദേശത്തിലാണ് കേസെടുത്തത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണ്. ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക് ഔട്ട് സർക്കുലർ ഇറക്കുമെന്നും പൊലീസ് പറഞ്ഞു.

ഫറൂക്ക് എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഏഴുപേരെ കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

അതേസമയം, വിഷയത്തിൽ രാഹുലിന്റെ മാതാവ് ഉഷ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മകൻ രാഹുൽ യുവതിയെ മർദ്ദിച്ചെന്നും എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല മർദ്ദിച്ചതെന്നുമാണ് അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞത്. യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദനത്തിലെത്തിയതെന്നും അവർ വ്യക്തമാക്കി.

'അങ്ങോട്ടും ഇങ്ങോട്ടും വാക്കുതർക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന ശേഷം കുടുംബത്തിലെ മറ്റുള്ളവരുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നത്. പടികയറാൻ വയ്യാത്തതിനാൽ ഞാൻ മുകളിലേക്ക് പോകാറില്ല. മർദ്ദനം നടക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല. ഇന്നലെ വെെകിട്ട് മൂന്ന് മണിവരെ രാഹുൽ വീട്ടിൽ ഉണ്ടായിരുന്നു',​ ഉഷ പറഞ്ഞു.

കഴിഞ്ഞ അ​ഞ്ചി​ന് ​ഗു​രു​വാ​യൂ​രി​ൽ വച്ചായിരുന്നു ഇരുവരുടെയും​ ​വി​വാ​ഹം.​ ​പ​തി​നൊ​ന്നി​നാണ് യുവതിയെ മർദ്ദിച്ചത്. രാഹുൽ കോട്ടയത്തുകാരനാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷമേ ആയിട്ടുള്ളൂ. ഭ​ർ​ത്താ​വി​നെ​തി​രെ​ ​വ​ധ​ശ്ര​മ​ത്തി​ന് ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​വ​ധു​വി​ന്റെ​ ​കു​ടും​ബം​ ​മു​ഖ്യ​മ​ന്ത്രി,​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ,​ ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​എ​ന്നി​വ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കിയിരുന്നു.​ ​ പ​ന്തീ​രാ​ങ്കാ​വ് ​പൊ​ലീ​സ് ​തു​ട​ക്ക​ത്തി​ൽ​ ​കേ​സെ​ടു​ക്കാ​ൻ​ ​വി​മു​ഖ​ത​ ​കാ​ണി​ച്ച​താ​യും​ ​ഒ​ത്തു​തീ​ർ​പ്പി​ന് ​നി​ർ​ബ​ന്ധി​ച്ച​താ​യും​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പി​താ​വ് ​മുൻപ് പറഞ്ഞിരുന്നു.