കോഴിക്കോട്: പന്തീരങ്കാവിൽ നവവധു ക്രൂർമർദ്ദനത്തിനിരയായ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി രാഹുൽ പി ഗോപാലിന്റെ സഹോദരി. സ്ത്രീധനം ചോദിച്ചില്ലെന്നും അർദ്ധരാത്രിക്കുശേഷം വന്ന ഫോൺകോളിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് മർദ്ദനത്തിലേക്ക് എത്തിയതെന്നും അവർ പറഞ്ഞു.
സഹോദരിയുടെ വാക്കുകൾ
'മർദ്ദിച്ചത് തെറ്റാണെന്ന് പൂർണമായും സമ്മതിക്കുന്നു. എന്നാൽ അതിനിടയായ സാഹചര്യം പുറത്തുവരണം. മർദ്ദനം നടന്ന അന്ന് രാത്രിയിൽ പെൺകുട്ടിക്ക് തുടർച്ചയായി ഫോൺകോൾ വന്നിരുന്നു. ഇതേത്തുടർന്നാണ് മർദ്ദനം ഉണ്ടായത്. പെൺകുട്ടിയുടെ ബന്ധുക്കൾ വന്നപ്പോഴാണ് മർദ്ദനമേറ്റ പാടുകൾ ഞങ്ങൾ കാണുന്നത്. സംശയത്തിന്റെ പേരിൽ മർദ്ദിച്ചെന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്. ഒരു കല്യാണ വീട്ടിൽപോയപ്പോൾ അവിടെനിന്ന് രണ്ടുപേരും മദ്യപിച്ചു. വീട്ടിൽ വന്നശേഷം ബീച്ചിൽപോയി. തിരികെ വന്ന് ഉറങ്ങാൻ കിടന്നപ്പോൾ അവളുടെ ഫോണിലേക്ക് കോൾ വന്നു. നിരന്തരം മെസേജും വന്നു. മൂന്നുമണി-നാലുമണി സമയത്തായിരുന്നു ഇത്. ഇതോടെ രാഹുലിന് സംശയമായി. ആരാണ് വിളിച്ചതെന്നറിയാൻ ഫോൺ നോക്കി. ആളാരാണെന്ന് മനസിലാക്കി അതേക്കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം പറഞ്ഞില്ല. വാട്‌സാപ്പ് പരിശോധിച്ചപ്പോൾ ഇരുവരും തമ്മിലുള്ള ചാറ്റുകൾ കണ്ടെന്ന് രാഹുൽ പറഞ്ഞു. പെൺകുട്ടിയുടെ മൊബൽ ഫോൺ ട്രാക്കുചെയ്യണം. നിയമത്തിന് മുന്നിൽ അത് വെളിപ്പെട്ടുകിട്ടേണ്ടത് ഞങ്ങളുടെ ആവശ്യമാണ്.
ഞങ്ങൾ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. അവന് കിട്ടും എന്നുള്ളത് ഞങ്ങൾക്ക് അറിയാം. ഞങ്ങൾക്ക് പെൺകുട്ടിയെ മാത്രം മതിയെന്നാണ് പറഞ്ഞത്. അവൻ ഒറ്റയ്ക്ക് ഒരു രാജ്യത്തുപോയി താമസിക്കുകയാണ്. അമ്മയ്ക്ക് അവനൊപ്പം നിൽക്കാൻ കഴിയില്ല. അവനെ നോക്കണം. അവനൊപ്പം നല്ല രീതിയിൽ നിൽക്കുന്ന ഒരു കുട്ടി. അതേ ഞങ്ങൾ ആഗ്രഹിച്ചുള്ളൂ. ഫ്രിഡ്ജും,വാഷിംഗ് മെഷീനുമടക്കം വേണോ എന്ന് പെൺകുട്ടിയുടെ കുടുംബം ചോദിച്ചെങ്കിലും വേണ്ടെന്നാണ് ഞങ്ങൾ പറഞ്ഞത്. കൂടുതൽ വേണോ എന്ന് അവർ ചോദിച്ചപ്പോൾ നിർബന്ധമാണെങ്കിൽ, മുകൾ നിലയിൽ ഷീറ്റും ടൈലുമൊക്കെ ഇടുന്നുണ്ട്. അവിടെ ഇടാൻ ഒരു ഊഞ്ഞാൽ വാങ്ങിത്തന്നാൽ മതിയെന്ന് പറഞ്ഞു. മുൻപ് രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെൺകുട്ടിതന്നെയാണ് ഇങ്ങോട്ട് ബന്ധപ്പെട്ടത്. അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കല്യാണം നടത്തിയത്. കല്യാണത്തിന് മുമ്പ് രണ്ടുദിവസം പെൺകുട്ടി ഞങ്ങളുടെ കൂടെവന്ന് താമസിച്ചു. അമ്മ കൂടെക്കൂടെ വിളിച്ചിരുന്നു'.
അതിനിടെ രാഹുൽ പി ഗോപാലിന് വേറെയും ഭാര്യമാർ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മുമ്പ് രണ്ട് വിവാഹം കഴിച്ചിരുന്നുവെന്നും അത് നിലനിൽക്കെയാണ് പറവൂർ സ്വദേശിയായ യുവതിയെ വിവാഹം ചെയ്‌തതെന്നും പൊലീസ് വ്യക്തമാക്കി. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക് ഔട്ട് സർക്കുലർ ഇറക്കുമെന്നും പൊലീസ് അറിയിച്ചു.