-prabir-purkayastha

ന്യൂഡൽഹി: യുഎപിഎ കേസിൽ അറസ്റ്റ് ചെയ്ത ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥയെ വിട്ടയക്കണമെന്ന് സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. യുഎപിഎ, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രബീർ പുർകായസ്ഥയെ 2023 ഒക്ടോബർ മൂന്നിനാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ റിമാൻഡ് പകർപ്പ് നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചത്. ഡൽഹി പൊലീസ് എടുത്ത യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീർ പുർകായസ്ഥയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മൂന്ന് ചെെനീസ് സ്ഥാപനങ്ങളിൽ നിന്നായി 115 കോടിയോളം രൂപ ന്യൂസ്ക്ലിക്കിൽ എത്തിയെന്നാണ് ഇഡിയും ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാനേഷ്വണ വിഭാഗവും പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കോടികളുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ന്യൂസ് പോർട്ടൽ ഈ പണം ഉപയോഗിച്ചെന്നും അന്വേഷണ സംഘം ആരോപിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഇഡി നൽകിയ വിവരത്തെത്തുടർന്നാണ് പൊലീസ് ഓഫീസിലും മറ്റും തെരച്ചിൽ നടന്നിരുന്നു. അതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

അതേസമയം, മാദ്ധ്യമ സ്വാതന്ത്ര്യത്തെ കേന്ദ്രസർക്കാർ മാനിക്കുന്നില്ലെന്നും ചൈനയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കിയിരുന്നു. അറസ്​റ്റ് അടക്കമുള്ള നടപടികൾ ആസൂത്രിതമാണ്. വിയോജിപ്പുകളെ കേന്ദ്രസർക്കാർ ദേശവിരുദ്ധതയായി കാണുന്നു. ചൈനയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിച്ചിട്ടില്ല. അത്തരത്തിലുള്ള വീഡിയോയോ വാർത്തയോ വെബ്‌സൈ​റ്റിലുണ്ടെന്ന് പൊലീസ് സ്‌പെഷ്യൽ സെൽ പരാമർശിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് അധികൃതർ വ്യക്തമാക്കിയിരുന്നു.