രക്തക്കുറവ് പരിഹരിക്കാനും ക്ഷീണമകറ്റി ആരോഗ്യം വർദ്ധിപ്പിക്കാനും ഉത്തമമായ പഴമാണ് മാതളം. മാതള ജ്യൂസും മിക്കവർക്കും പ്രിയമാണ്. മികച്ച ആരോഗ്യം നിലനിർത്തുന്നതിനായി ആഴ്‌ചയിൽ മൂന്നോ നാലോ തവണയെങ്കിലും ഭക്ഷണക്രമത്തിൽ മാതളം ഉൾപ്പെടുത്തണം. എന്നാൽ ഇന്നത്തെ കാലത്ത് പഴങ്ങളും പച്ചക്കറികളുമുൾപ്പെടെ രാസവസ്തുക്കളിലും കീടനാശിനികളിലും മുങ്ങിയാണ് വിപണികളിൽ എത്തുന്നത്. ഇത് ആരോഗ്യത്തിന് പകരം മാരകമായ അസുഖങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഇക്കാരണത്താൽ പലരും ഇന്ന് മാർക്കറ്റുകളിൽ നിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങാൻ ഭയക്കുന്നു.
മിക്കവരും നേരിടുന്ന പ്രശ്‌നമാണ് മാർക്കറ്റുകളിൽ നിന്ന് പഴങ്ങൾ വാങ്ങി വീട്ടിലെത്തുമ്പോൾ അവ അഴുകിയതും ചീഞ്ഞതുമായ നിലയിലായിരിക്കും കാണപ്പെടുന്നത്. അല്ലെങ്കിൽ മിക്കവയും മരുന്നടിച്ച് പഴുപ്പിച്ചവയായിരിക്കും. മാങ്ങയും ആപ്പിളുമൊക്കെ മരുന്നടിച്ചവയാണോ എന്ന് കുറച്ചെങ്കിലും തിരിച്ചറിയാൻ സാധിക്കുമെങ്കിലും ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയാത്ത പഴമാണ് മാതളം. എന്നാൽ മാതളം പഴുത്തതാണോ അല്ലയോയെന്ന് മുറിച്ചുനോക്കാതെ തന്നെ തിരിച്ചറിയാൻ സാധിച്ചാലോ?
1. മാതളത്തിന്റെ ആകൃതി നോക്കി മനസിലാക്കാം
നല്ല പഴുത്ത മാതളത്തിന് ഷഡ്ഭുജാകൃതി (ഹെക്‌സഗൺ) ആയിരിക്കും ഉള്ളത്. കൂടാതെ അതിന്റെ വശങ്ങൾ തള്ളിയ നിലയിലും തോട് പരുക്കനുമായിരിക്കും. തോടിൽ നിറവ്യത്യാസങ്ങളും മറ്റും ഉണ്ടാകും. എന്നാൽ പഴുക്കാത്ത മാതളം നല്ല വൃത്താകൃതിയിലും തോട് മിനുസമുള്ളതും ആയിരിക്കും.
2. മാതളത്തിൽ തട്ടിനോക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദം
കൃത്യമായി പഴുത്ത മാതളത്തിൽ തട്ടിനോക്കുമ്പോൾ കനത്ത, പൊള്ളയായ ശബ്ദം പുറപ്പെടുവിക്കും. എന്നാൽ പഴുക്കാത്തവയിൽ തട്ടുമ്പോൾ കാര്യമായ ശബ്ദം ഉണ്ടാവില്ല.
3. മാതളത്തിന്റെ ഭാരം
പഴുക്കാത്ത മാതളത്തിനേക്കാൾ പഴുത്തവയ്ക്ക് കൂടുതൽ ഭാരമുണ്ടായിരിക്കും.