ചണ്ഡീഗഡ്: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൾ മിരായയ്‌ക്ക് കോടികളുടെ സ്വത്തുക്കളുണ്ടെന്ന് എക്‌സിൽ പോസ്റ്റ് ചെയ്‌തയാൾക്കെതിരെ കേസ്. ഐഎഎഫിന്റെ ഫ്ലൈറ്റ് ലെഫ്റ്റനന്റ് എന്ന് സ്വയം വിശേഷിപ്പിച്ചിരിക്കുന്ന അനൂപ് വർമ എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിഫൻസ് അനലിസ്റ്റും രാഷ്‌ട്രീയ നിരൂപകനുമാണെന്നാണ് ഇയാളുടെ പ്രൊഫൈലിൽ പറഞ്ഞിരിക്കുന്നത്.
മിരായ ഗാന്ധിക്ക് 3000 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് പ്രതി പോസ്റ്റിലൂടെ അവകാശപ്പെട്ടിരുന്നത്. ഐപിസി 153, 469, 500, 505 എന്നീ വകുപ്പുകൾ പ്രകാരമാണ് ഷിംല പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. എക്‌സ് അക്കൗണ്ടിനെ പറ്റി വിവരങ്ങൾ ശേഖരിക്കാൻ സൈബർ സെല്ലിനോട് ഷിംല പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ അനൂപ് വർമയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
കോൺഗ്രസ് പ്രവർത്തകനായ പ്രമോദ് ഗുപ്ത നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മിരായയ്‌ക്കെതിരായ അനൂപ് വർമയുടെ പോസ്റ്റ് അടിസ്ഥാന രഹിതമാണെന്നും, ഇതിലൂടെ സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സൽപ്പേരിന് കോട്ടം വരുത്താൻ ശ്രമിച്ചിട്ടുണ്ടെന്നുമാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്.
അതേസമയം, കോൺഗ്രസിന്റെ അഭിമാന മണ്ഡലങ്ങളായ യുപിയിലെ അമേഠിയിലും റായ്ബറേലിയിലും പ്രിയങ്ക ഗാന്ധിയാണ് പ്രചാരണം നയിക്കുന്നത്. പ്രിയങ്കയുടെ സജീവ സാന്നിദ്ധ്യം അമേതിയിലും റായ്ബറേലിയിലും കോൺഗ്രസിന്റെ വിജയത്തിന് സഹായിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
സോണിയ ഗാന്ധിയുടെ സ്ഥിരം മണ്ഡലമായിരുന്ന റായ്ബറേലിയിൽ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനായി ഇക്കുറി രംഗത്തിറങ്ങുന്നത്. അമേഠിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയാണ് സ്ഥാനാർത്ഥി. രണ്ട് മണ്ഡലങ്ങളിലുമുള്ള പ്രചാരണത്തിൽ പ്രിയങ്ക സജീവമായുണ്ട്. പ്രചാരണത്തിന്റെ അവസാനഘട്ടം വരെ പ്രിയങ്ക അമേതിയിലും റായ്ബറേലിയിലും തമ്പടിക്കുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് യോഗങ്ങൾ മാത്രമല്ല, ഗൃഹസന്ദർശനങ്ങളും പ്രിയങ്ക നടത്തുന്നുണ്ട്.