video-song

മലയാള സിനിമ പ്രേമികൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഗുരുവായൂർ അമ്പലനടയിൽ'. ബേസിൽ ജോസഫും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻദാസ് ആണ്. 'ജയ ജയ ജയ ജയഹേ' എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

'കെ ഫോർ കല്യാണം' എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് സുഹെെൽ കോയ ആണ് വരികൾ കുറിച്ചിരിക്കുന്നത്. അങ്കിത് മേനോൻ ഈണമൊരുക്കിയ ഗാനം അങ്കിത്, മിലൻ ജോയ്, ഹിംന ഹിലരി, അരുണ മേരി ജോർജ്, ഇന്ദു ദീപു, ശരത്, നീലിമ പി ആര്യൻ പാർവതിഷ് പ്രദീപ് എന്നിവ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കല്യാണ വീട്ടിലെ നൃത്തരംഗങ്ങൾ കോർത്തിണക്കിയുള്ളതാണ് പുറത്തിറങ്ങിയ ഗാനം. ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര എന്നിവരുടെ കിടിലൻ നൃത്തം വീഡിയോയിൽ കാണാം.

അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ നടൻ സിജു സണ്ണി ഈ ഗാനത്തിലെ നൃത്തത്തെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ഈ ഗാനത്തിലെ നൃത്തതിന് 32 ടേക്ക് എടുത്തെന്നും ശേഷം ബേസിൽ തങ്ങൾക്ക് ദോശ വാങ്ങിതന്നെന്നുമാണ് സിജു പറഞ്ഞത്. ഈ ഗാനം ഷൂട്ട് ചെയ്യുന്നതിന് മുൻപ് ബേസിൽ ജോസഫ് അനശ്വരയോടും നിഖിലയോടും ഡാൻസ് കളിക്കുമോയെന്ന് ചോദിച്ചിരുന്നതായും നടി നിഖില വിമൽ പറഞ്ഞിരുന്നു. ഈ ഗാനത്തിലെ ഡാൻസിന് ബേസിൽ അത്രയും ശ്രദ്ധ നൽകിയിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.