ലക്‌നൗ: തന്റെയും കൂട്ടുകാരുടെയും സ്വവർഗ ലൈംഗികതയെ എതിർത്തതിന് യുവാവ് അച്ഛനെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി കത്തിച്ചു. ഉത്തർപ്രദേശിൽ മഥുരയ്ക്ക് സമീപത്തായിരുന്നു അരുംകൊല നടന്നത്. യുവാവിനെയും അയാളുടെ മൂന്ന് കൂട്ടുകാരെയും അറസ്റ്റുചെയ്തു. മേയ് നാലിന് റോഡുവക്കിൽ പെട്ടിക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൊലപാതകം വെളിച്ചത്തുവന്നത്. പ്രതികളെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പെട്ടിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയെങ്കിലും കത്തിക്കരിഞ്ഞ് വികൃതമായതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം ആരുടേതാണെന്ന് വ്യക്തമായി. കൊലപാതകമാണെന്ന് ഉറപ്പിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയാത്തത് തുടർ അന്വേഷണത്തിന് തടസമായി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റുചെയ്യാനെത്തിയ പൊലീസുമായി ഏറ്റുമുട്ടാനും പ്രതികൾ ശ്രമിച്ചു.
യുവാവും കൂട്ടുകാരും സ്വവർഗ ലൈംഗിക ഇഷ്ടപ്പെടുന്നവരായിരുന്നു. യുവാവിന്റെ വീട്ടിലായിരുന്നു ഇവരുടെ സമാഗമങ്ങൾ ഏറെയും നടന്നത്. വീട്ടിൽ മറ്റുള്ളവർ ഉണ്ടെന്നുപോലും കണക്കാക്കാതെയായിരുന്നു ഇവരുടെ പ്രവൃത്തികൾ. സഹികെട്ട് പിതാവ് പലതവണ വിലക്കിയെങ്കിലും പ്രതി അതൊന്നും ഗൗനിച്ചില്ല. സംഭവ ദിവസവും ഇക്കാര്യത്തെച്ചൊല്ലി പിതാവുമായി വഴക്കായി. വഴക്കിനൊടുവിൽ പിതാവിനെ ബലംപ്രയോഗിച്ച് കെട്ടിയിട്ടശേഷം കുത്തിക്കൊന്നു.തുടർന്ന് മൃതദേഹം പെട്ടിയിൽ ഒളിപ്പിച്ചു. പിറ്റേന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതിനാൽ പെട്ടിയോടെ മൃതദേഹം കത്തിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അറസ്റ്റിന് ഇടയാക്കിയത്.