dubai

ദുബായ്: അബുദാബിയിലെ ചില സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ കാഴ്ചയ്ക്ക് പ്രശ്നമാകുമെന്നതിനാൽ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കമെന്നും മുന്നറിയിപ്പിൽ പറയുന്നു. റുവൈസ്, അൽ മിർഫ, ഹബ്ഷാൻ, സില, ലിവയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഡ്രൈവർമാരോട് അബുദാബി പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്. വൈകുന്നേരത്തോടെ ചിലയിടങ്ങളിൽ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കുവൈറ്റ് കാലാവസ്ഥാ വകുപ്പും രാജ്യത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് ആരംഭിക്കുന്ന മഴ നാളെ വൈകുന്നേരം വരെ തുടരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നൽ കൂടി ഉണ്ടാവും. കാറ്റുവീശുന്നത് പൊടിപടലങ്ങൾ ഉയരുന്നതിന് കാരണമാവുമെന്നും ഇത് ദൂരക്കാഴ്ചയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അധികൃതർ പറയുന്നുണ്ട്. മഴമുന്നറിയിപ്പ് ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര ആവശ്യങ്ങൾക്ക് തങ്ങളെ ബന്ധപ്പെടണമെന്നും ഫയർഫോഴ്‌സും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയും വെള്ളപ്പൊക്കവുമാണ് അടുത്തിടെ യുഎഇ നേരിട്ടത്. ഇതുമൂലം നൂറുകണക്കിനു പേരാണ് വിമാനത്താവളങ്ങളിലും മാളുകളിലും മെട്രോസ്റ്റേഷനുകളിലും വാഹനങ്ങളിലും കുടുങ്ങിയത്. വൈദ്യുതി നിലച്ചു. കുടിവെള്ളം കിട്ടാതായി. പാർപ്പിട സമുച്ചയങ്ങളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. കെട്ടിടങ്ങളിൽ വെള്ളം കയറുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ പ്രവാസികൾ ഉൾപ്പടെയുള്ള നിരവധിപേർക്കാണ് പാർപ്പിടം നഷ്ടമായത്.