kitchen

​​​​പൂർണമായും ആരോഗ്യവാൻമാരായിരിക്കാൻ പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണമെന്നും ചിട്ടയായ വ്യായാമം ചെയ്യണമെന്നുമാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ പല കാര്യങ്ങൾ ചെയ്തിട്ടും മിക്കവർക്കും പ്രതീക്ഷിച്ച ഫലം കിട്ടണമെന്നില്ല. മികച്ച ആരോഗ്യത്തിന് ഭക്ഷണക്രമത്തിൽ മാത്രമല്ല നമ്മുടെ അടുക്കളയിൽ കൂടെ ചില മാറ്റങ്ങൾ വരുത്തണമെന്ന് എത്ര പേർക്കറിയാം. നമ്മുടെ അടുക്കളയിലെ ദൈനംദിന ഉപയോഗത്തെ ചൂണ്ടിക്കാട്ടി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ ഒരു പഠനമാണ് ഇപ്പോൾ ആരോഗ്യലോകത്ത് ചർച്ചയാകുന്നത്.

അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന നോൺസ്​റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് ഹാനീകരമാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ നോൺസ്റ്റിക് പാത്രങ്ങൾ ദീർഘകാലം ഉപയോഗിക്കുകയാണെങ്കിൽ ജീവഹാനി വരെ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

vessels

ജനങ്ങളോട് പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിൽ നിർമിച്ചെടുക്കുന്ന പാത്രങ്ങൾ അടുക്കളയിൽ ഉപയോഗിക്കാനാണ് ഐസിഎംആർ നിർദ്ദേശിച്ചിട്ടുളളത്. മൺപാത്രങ്ങൾ, കോട്ടിംഗ് രഹിത ഗ്രാനൈ​റ്റ് പാത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാനാണ് നിർദ്ദേശം. നോൺസ്​റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നത് ക്യാൻസർ, ശരീരത്തിലെ ഹോർമോണുകളുടെ ഉൽപ്പാദനത്തിലുണ്ടാകുന്ന അസന്തലിതാവസ്ഥ, വന്ധ്യത തുടങ്ങിയ ഗുരുതര ആരോഗ്യപ്രശന്ങ്ങൾക്ക് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.

ഐസിഎംആറിന്റെ കീഴിൽ ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് ഓഫ് നുട്രീഷനും (എൻഐഎൻ) ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ മ​റ്റൊരു പഠനം നടത്തിയിരുന്നു. അടുക്കളയിൽ ചെലവഴിക്കുന്ന സമയം പരമാവധി കുറയ്ക്കുന്നതിനുവേണ്ടി മിക്കവരും എളുപ്പ വഴികൾ കണ്ടെത്താറുണ്ട്. അവ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് എൻഐഎനിന്റെ കണ്ടെത്തൽ.

cooking

എന്തുകൊണ്ട് നോൺസ്​റ്റിക് പാത്രങ്ങൾ

നോൺസ്​റ്റിക് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുകയെന്നത് ഇന്ത്യക്കാർക്ക് പുതുമയുളള കാര്യമല്ല. ജന ജീവിതത്തിലും വരുമാനത്തിലും ഉണ്ടാകുന്ന ഉയർച്ച അനുസരിച്ച് പലരുടെയും ജീവിത രീതികൾ മാറിമറിയുന്നുണ്ട്. അതിനാൽത്തന്നെ ഈ മാ​റ്റങ്ങൾ കൂടുതൽ പ്രതിഫലിക്കുന്നത് അവരുടെ വീടുകളിലായിരിക്കും. വിപണികളിലും അനായാസം ജോലികൾ ചെയ്യുന്നതിനായുളള പലതരത്തിലുളള ഉപകരണങ്ങളും ഇടംപിടിക്കാറുണ്ട്. നോൺസ്​റ്റിക് പാത്രങ്ങളുടെ കടന്നുവരവും അങ്ങനെയുണ്ടായതാണ്.

സാധാരണയായി നോൺ സ്​റ്റിക് പാത്രങ്ങളിൽ കോട്ട് ചെയ്തിരിക്കുന്നത് ടെഫ്‌ളോൺ അഥവാ പോളിടെട്രാഫ്ളൂറോഎഥിലീനാണ്. ഇത് കാർബൺ, ഫ്ളൂറിൻ തുടങ്ങിയ മൂലകങ്ങളുടെ ആ​റ്റങ്ങൾ ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെ തയ്യാറാക്കിയെടുത്തതാണ്. 1930 മുതലാണ് പാത്രങ്ങളിൽ ഈ രാസവസ്തുവിന്റെ കോട്ടിംഗ് ഉപയോഗിച്ച് തുടങ്ങിയത്.

cooking

ഇത്തരത്തിലുളള പാത്രങ്ങളിൽ അധികമായി എണ്ണ ഉപയോഗിക്കേണ്ടി വരില്ല. കൂടാതെ എളുപ്പത്തിൽ വിഭവങ്ങൾ തയ്യാറാക്കാനും വൃത്തിയാക്കാനും സാധിക്കും. എന്നാൽ ഇത്രയൊക്കെ ഗുണങ്ങൾ ഈ പാത്രങ്ങൾക്ക് ഉണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി നോൺസ്​റ്റിക് പാത്രങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ചുളള ചർച്ചകൾ ഉണ്ടാകുന്നുണ്ട്. മുൻപും ടെഫ്ലോണിനെക്കുറിച്ച് ചില ആകുലതകൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ 2013 മുതൽ നോൺസ്റ്റിക് പാത്രങ്ങൾ നിർമിക്കുന്ന സമയത്ത് ഈ രാസവസ്തു ഉപയോഗിക്കുന്നത് കുറച്ചിരുന്നുവെന്ന് ബംഗളൂരുവിലെ എസ്തർ സിഎംഐ ആശുപത്രിയിലെ ക്ലിനിക്കൽ നുട്രീഷനായ എഡ്വിന രാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

നോൺസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം
നോൺസ്​റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ പാത്രങ്ങളിൽ ചെറിയ പോറൽ സംഭവിച്ചാൽ അതുവരെ അപകടത്തിന് കാരണമാകും. പോറലുണ്ടായ ഒരു നോൺസ്​റ്റിക് പാത്രത്തിലാണ് നിങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതെങ്കിൽ താപനില 170 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നാൽ പ്രശ്നമാണ്. കാരണം ഈ താപനിലയിൽ ടെഫ്‌ളോണിൽ അടങ്ങിയിരിക്കുന്ന വിഷവാതകം പുറത്തുവരികയും അത് ഭക്ഷണത്തിൽ കലരുകയും ചെയ്യുന്നുവെന്ന് ഐസിഎംആർ പറയുന്നു.

ഈ വിഷപുക പുറത്തുവന്നാലും പ്രശ്നമാണ്. പുക ശ്വസിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണ്. ഇത് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കും. 2022ൽ ആസ്‌ട്രേലിയയിൽ 'സയൻസ് ഓഫ് ദി ടോട്ടൽ എൻവയോൺമെന്റ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലും ഇത് പറയുന്നുണ്ട്. പോറലുണ്ടായ നോൺസ്​റ്റിക് പാത്രത്തിൽ പാചകം ചെയ്യുമ്പോൾ ടെഫ്‌ളോണിൽ നിന്നും 9,100 മൈക്രോപ്ലാസ്​റ്റിക് കണങ്ങൾ പുറത്തുവരും. ഇവ ദഹനവ്യവസ്ഥയെ വരെ ഗുരുതരമായി ബാധിക്കും. കൂടാതെ അസിഡ് അംശമുളളതും ചൂടുളളതുമായ ഭക്ഷണങ്ങൾ അലൂമിനിയം,ഇരുമ്പ് പാത്രങ്ങളിൽ സൂക്ഷിക്കുന്നതും ആരോഗ്യത്തിന് ദോഷമാണെന്നും ഐസിഎംആറിന്റെ റിപ്പോർട്ടിൽ പറയുന്നു.

mud-vessels

പകരം ആര്?

പ്രശ്നത്തിന് പരിഹാരവും ഐസിഎംആർ നിർദ്ദേശിച്ചിട്ടുണ്ട്. മൺപാത്രങ്ങളിൽ ആഹാരം പാകം ചെയ്യുന്നതാണ് പരിഹാരം. ഏ​റ്റവും സുരക്ഷിതമായി ഭക്ഷണം പാചകം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് മൺപാത്രങ്ങൾ. എണ്ണ ചെറിയ അളവിൽ ഉപയോഗിച്ച് മൺപാത്രങ്ങളിൽ പാചകം ചെയ്യാം.

നോൺസ്​റ്റിക് പാത്രങ്ങൾ സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാം.
1. പ്രധാനമായും പാത്രങ്ങൾ ഉപയോഗിക്കേണ്ട കാലാവധി മനസിലാക്കുക.

2. ഉയർന്ന താപനിലയിൽ പാത്രങ്ങളിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക.

3. മ​റ്റുളള ലോഹങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ പാത്രങ്ങളോടൊപ്പം നോൺസ്​റ്റിക് പാത്രങ്ങൾ വയ്ക്കരുത്.

4. പാത്രങ്ങൾ പാചകം ചെയ്യുന്നതിന് മുന്നോടിയായി ചൂടാക്കരുത്. അങ്ങനെ ചെയ്യുകയാണെങ്കിൽ എണ്ണ പുരട്ടിയതിന് ശേഷം മാത്രം ചൂടാക്കുക.