viral-video

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽ മഴ പെയ്യുന്നത് മലയാളികൾക്ക് ആശ്വാസമാണ്. എന്നാലും പലയിടങ്ങളിലും ഇപ്പോഴും കനത്ത ചൂടിന് കുറവൊന്നുമുണ്ടായിട്ടില്ല. അതിനാൽത്തന്നെ പലവീടുകളിലും ഫ്രിഡ്ജുകളുടേയും എയർകണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വളരെ കൂടുതലാണ്.

എന്നാൽ ലോകത്തുളള എല്ലാ ജനങ്ങൾക്കും ഇത്തരം സൗകര്യങ്ങൾ ലഭ്യമാകണമെന്നില്ല. കനത്ത ചൂടിൽ നിന്നും രക്ഷ നേടാൻ പല വിധത്തിലുളള എളുപ്പവഴികളും നാം സോഷ്യൽമീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കണ്ടുവരുന്നുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിലുളള ഒരു സംഭവമാണ് ചർച്ചയാകുന്നത്.

കൊടും ചൂടിൽ ഒരു തുളളി തണുത്ത വെളളം കുടിക്കാനായി ദിവ്യ സിൻഹ എന്ന യുവതി ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഏത് ഗ്രാമത്തിലുളളതാണ് ദൃശ്യങ്ങൾ എന്ന് വ്യക്തമല്ല. അവിടെയുളളവർക്ക് കൃത്യമായി വൈദ്യുതിയോ ഫ്രിഡ്ജോ പോലുളള സൗകര്യങ്ങളോ ലഭ്യമല്ലെന്ന് യുവതി പറയുന്നു. വെളളം തണുപ്പിക്കാനായി മൺകൂജകളല്ല ഉപയോഗിച്ചത്. മൺകൂജകളിൽ വെളളം സൂക്ഷിച്ചാലും മണിക്കൂറോളം സമയം കഴിഞ്ഞാണ് തണുക്കുന്നതെന്നും ദിവ്യ പറയുന്നു. പക്ഷെ പുതിയ ആശയമനുസരിച്ച് ചെയ്യുകയാണെങ്കിൽ വെറും 15 മിനിട്ട് കൊണ്ട് ഫ്രിഡ്ജിന്റെ സഹായമില്ലാതെ തണുത്ത വെളളം കുടിക്കാമെന്നും ദിവ്യ പറയുന്നു.

View this post on Instagram

A post shared by Divya Sinha (@divyasinha266)

യുവതി ചെയ്തത് ഇങ്ങനെ. മരക്കൊമ്പിൽ വെളളം നിറച്ച കുപ്പികൾ ഒരു കയറുപയോഗിച്ച് കെട്ടിത്തൂക്കിയിടുക. ശേഷം നനഞ്ഞ തുണിയുപയോഗിച്ച് കുപ്പികൾ മൂടുക. 15 മിനിട്ട് കൊണ്ട് വെളളം നന്നായി തണുക്കുമെന്ന് ദിവ്യ പറയുന്നു. യുവതി പരീക്ഷണത്തിന് പിന്നിലെ ശാസ്ത്രീയ രഹസ്യവും വിവരിക്കുന്നുണ്ട്. നനഞ്ഞ തുണിയുപയോഗിച്ച കുപ്പിയിലേക്ക് വായു കടക്കുമ്പോൾ അതിനകത്തുളള വെളളം എളുപ്പത്തിൽ തണുക്കുമെന്ന് പറയുന്നു.

'ദിവ്യസിൻഹ266' എന്ന ഇൻസ്​റ്റഗ്രാം പേജിൽ പോസ്​റ്റ് ചെയ്ത വീഡിയോ ഇതിനകം തന്നെ 85,738 പേർ കണ്ടുകഴിഞ്ഞു. നിരവധി പ്രതികരണങ്ങളും പോസ്​റ്റിന് ലഭിക്കുന്നുണ്ട്. ചിലർ യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.