കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ(എസ്. ബി. ഐ) നടപ്പുവർഷം പുതുതായി ജോലിക്ക് കയറുന്നവരിൽ 85 ശതമാനവും എൻജിനിയറിംഗ് ബിരുദധാരികളാണെന്ന് ചെയർമാൻ ദിനേഷ് ഖാര വ്യക്തമാക്കി. ഇത്തവണ 12,000 ഉദ്യോഗാർത്ഥികളെയാണ് പ്രൊബേഷണറി ഓഫീസർ, അസോസിയേറ്റ്സ് എന്നീ കേഡറുകളിൽ എസ്. ബി. ഐ പുതുതായി നിയമിക്കുന്നത്. വിപുലമായ പരിശീലനത്തിന് ശേഷം പ്രൊബേഷണറി ഓഫീസർമാരെയും അസോസിയേറ്റുകളെയും വിവിധ ശാഖകളിലേക്ക് നിയോഗിക്കും.
ബാങ്കിംഗ് മേഖലയിൽ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ഗണ്യമായി കൂടുന്നതിനാൽ എൻജിനിയർമാരുടെ സാന്നിദ്ധ്യം എസ്. ബി. ഐക്ക് മുതൽക്കൂട്ടാകും. ബാങ്കിംഗ് മേഖലയിൽ പ്രവർത്തന പരിചയം ലഭ്യമാക്കിയതിന് ശേഷം ഉദ്യോഗാർത്ഥികളെ ബിസിനസ്, ഐ. ടി വിഭാഗങ്ങളിലേക്ക് നിയോഗിക്കുമെന്നും ദിനേഷ് ഖാര കൂട്ടിച്ചേർത്തു.
ആഗോള മാന്ദ്യം മൂലം ഐ. ടി മേഖല നിയമനങ്ങൾ മരവിപ്പിക്കുമ്പോൾ ബാങ്കിംഗ്, ധനകാര്യ മേഖലയിൽ ഉയർന്ന് വരുന്ന അവസരങ്ങൾ എൻജിനിയറിംഗ് ബിരുദധാരികൾക്ക് അനുഗ്രഹമാകുകയാണ്. സാങ്കേതികവിദ്യയിലുണ്ടാകുന്ന വിപ്ളവകരമായ മാറ്റങ്ങൾ അവഗണിക്കാൻ ഒരു മേഖലയ്ക്കും സാധിക്കില്ലെന്നും എസ്. ബി. ഐ ചെയർമാൻ വ്യക്തമാക്കി.
വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് റാങ്ക് പട്ടിക നിയമനം മന്ദഗതിയിൽ
റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ആറു മാസമാകുമ്പോൾ ആകെ നടന്നത് 10 ശതമാനത്തിൽ താഴെ നിയമനം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാലാണ് നിയമനം കുറയുന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. മുൻ ലിസ്റ്റിലെ 2,135 പേർക്ക് നിയമനം ലഭിച്ചപ്പോൾ പുതിയ ലിസ്റ്റിലെ 556 പേർക്കു മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുളളൂ . മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദായി ഒന്നര വർഷത്തിന് ശേഷമാണ് പുതിയ ലിസ്റ്റുകൾ നിലവിൽ വന്നത്. ഇതിനാൽ ഏറെ ഒഴിവുകൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. 2023 നവംബർ - 2024 ഫെബ്രുവരി കാലത്താണ് റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. ഏറ്റവും കൂടുതൽ നിയമന ശുപാർശ തൃശൂർ ജില്ലയിലാണ് - 75. കുറവ് വയനാട്ടിലും - 6 .