കോഴിക്കോട്: ബ്രയിൻ ഈറ്റിംഗ് അമീബിയ ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. മലപ്പുറം മൂന്നുയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്. കഴിഞ്ഞ ദിവസം കടലുണ്ടി പുഴയിൽ കുളിച്ചതിനുശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങളുണ്ടായത്, തുടർന്ന് മേയ് പത്തിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. മൂന്ന് കുട്ടികളെയും ഇതേ സംശയത്തിൽ നിരീക്ഷിക്കുന്നുണ്ട്.ഒഴുക്കില്ലാത്ത ജലാശയത്തിലാണ് അമീബ കൂടുതലായി കാണപ്പെടുന്നത്. രോഗം പകരുന്നതല്ലെന്നും ആശങ്കപ്പെടേണ്ടന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി അറിയിച്ചു. പൊതുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ ശുചീകരണ പ്രർത്തനങ്ങൾ നടത്തണമെന്നും വ്യക്തികൾക്ക് സ്വന്തം നിലയിലും സമൂഹത്തിനും ഡെങ്കിപ്പനി പകരുന്നത് തടയുന്നതിൽ പ്രധാന പങ്കുവഹിക്കാനാകുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
ഡെങ്കിപ്പനി പ്രതിരോധിക്കാൻ ചെയ്യേണ്ടത്
1. വീടും സ്ഥാപനങ്ങളും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.
2. വീടിനു ചുറ്റുമുള്ള ചിരട്ട, ടിൻ തുടങ്ങിയ സാധനങ്ങളും വെള്ളം കെട്ടിക്കിടക്കാതെ കമഴ്‌ത്തിയിടണം.
3. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളിൽ മാത്രം കിടത്തുവാൻ ശ്രദ്ധിക്കുക.
4. തുറസായ സ്ഥലങ്ങളിൽ കിടന്നുറങ്ങാതിരിക്കുക.
5. കൊതുക് കടിയിൽ നിന്നും രക്ഷനേടാൻ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.