തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ തിരിച്ചെത്തിക്കാൻ അണിയറ നീക്കം തുടങ്ങി. രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ ഒന്നിനായി സി.പി.ഐയും കേരള കോൺഗ്രസ്-മാണി വിഭാഗവും എൽ.ഡി.എഫിൽ തർക്കത്തിലായതോടെ ചേരി മാറ്റാനാണ് ശ്രമം.
2027ൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റാണ് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നത്.2026ൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പാർട്ടിക്ക് രണ്ട് മന്ത്രി സ്ഥാനവും നൽകിയേക്കും.
മാണി ഗ്രൂപ്പിനെ വീണ്ടും യു.ഡി.എഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം 'വീക്ഷണ'ത്തിൽ ഇന്നലെ വന്ന
മുഖപ്രസംഗം ഈ നീക്കങ്ങളുടെ തുടക്കമാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിഷേധിച്ചെങ്കിലും,പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് മുഖപ്രസംഗമെന്നാണ് സൂചന.കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ മൗനാനുവാദവും ചില ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരുടെ പിന്തുണയും ഇതിനുള്ളതായി പറയുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മാണി വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയത്. 99 സീറ്റോടെ എൽ.ഡി.എഫിന് തുടർ ഭരണം ലഭിക്കാനും യു.ഡി.എഫ് 41 സീറ്റിലൊതുങ്ങാനും ഒരു പ്രധാന കാരണം ഇതാണെന്ന് രണ്ട് മുന്നണികളും വിലയിരുത്തിയിരുന്നു. ഭരണം തിരിച്ചു പിടിക്കാൻ കേരള കോൺഗ്രസ് എമ്മിന്റെ സാന്നിദ്ധ്യം സഹായിക്കുമെന്നാണ് യുഡി.ഫിന്റെ കണക്കുകൂട്ടൽ
ജൂലായ് ഒന്നിന് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണത്തിൽ എൽ.ഡി.എഫിനാവും വിജയം.ഇതിൽ
പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം ഒഴിയുന്ന സീറ്റ് സി.പി.എം ഏറ്റെടുത്തേക്കും.സി.പി.ഐ സംസ്ഥാന
സെക്രട്ടറി ബിനോയ് വിശ്വം,കേരള കോൺഗ്രസ്- എം ചെയർമാൻ ജോസ്.കെ.മാണി എന്നിവരും ഒഴിയുന്നപശ്ചാത്തലത്തിലാണ് രണ്ടാമത്തെ സീറ്റിനായി തർക്കം.
വോട്ടെണ്ണലിനുശേഷം
തുടർ നീക്കം
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തെ വിജയം യു.ഡി.എഫിലെ ഫ്രാൻസിസ് ജോർജിന് (കേരള കോൺ-ജോസഫ്) ഉറപ്പാണെന്നാണ് മുന്നണിയുടെ അവകാശ വാദം. രാജ്യസഭാ സീറ്റും നഷ്ടപ്പെട്ടാൽ മാണി വിഭാഗം കേരള
കോൺഗ്രസിന് പാർലമെന്റിൽ പ്രാതിനിദ്ധ്യമില്ലാതാവും.സി.പി.ഐക്ക് പിന്നെയും ഒരു സീറ്റ് (പി.സന്തോഷ് കുമാർ) രാജ്യസഭയിലുണ്ട്.
പ്രതികരിക്കാതെ
മാണി വിഭാഗം
യു.ഡി.എഫിന്റെ ചൂണ്ടയിൽ കൊത്തേണ്ടതില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്എം നേതൃത്വം.കോൺഗ്രസ്
മുഖപത്രത്തിലെ ക്ഷണത്തോട് പാർട്ടി നേതൃത്വം പരസ്യമായി പ്രതികരിച്ചിട്ടില്ല.
മാണി വിഭാഗത്തെ
അനുനയിപ്പിക്കാൻ
സി.പി.എം ശ്രമിക്കും
അരവിന്ദ് ബാബു
□തത്കാലം ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷ പദവി
തിരുവനന്തപുരം: എൽ.ഡി.എഫിന് ജയ സാദ്ധ്യതയുള്ള രണ്ട് രാജ്യസഭാ സീറ്റിൽ
ഒന്നിനായി സി.പി.ഐയും, കേരള കോൺഗ്രസ്- മാണി വിഭാഗവും ഉന്നയിക്കുന്ന
അവകാശ വാദം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനുള്ള അനുനയ
നീക്കത്തിന് സി.പി.എം ശ്രമിച്ചേക്കും.
ഭരണ പരിഷ്ക്കാര കമ്മീഷൻ അദ്ധ്യക്ഷ പദവി കേരള കോൺഗ്രസ് -എമ്മിന് നൽകി വിഷയത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കാനാണ് ആലോചന. ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്ന ക്യാബിനറ്റ് റാങ്കുള്ള ഈ പദവി നൽകിയ ശേഷം, പിന്നീട് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ചയിലൂടെ ധാരണയിലെത്താനാണ് നീക്കം.