ലക്‌നൗ: കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മാസവും 10 കിലോഗ്രാം റേഷൻ സൗജന്യമായി നൽകുമെന്ന് എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം ലക്നൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഖാർഗെയുടെ പ്രഖ്യാപനം. ജൂൺ നാലിന് കേന്ദ്രത്തിൽ ഇന്ത്യ മുന്നണി സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങൾ കഴിഞ്ഞു ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. നരേന്ദ്ര മോദിയോട് വിടപറയാൻ ജനം തയ്യാറായിക്കഴിഞ്ഞു. വീണ്ടും അധികാരത്തിലെത്തിയാൽ ബി.ജെ.പി ഭരണഘടന മാറ്റും. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റുമെന്നാണ് കർണാടകയിൽ ബി.ജെ.പി പറഞ്ഞത്. ഉത്തർപ്രദേശിൽ ഭരണഘടന മാറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്ന ബി.ജെ.പി നേതാക്കളെ കുറിച്ച് മോദി മൗനം പാലിക്കുകയാണ്. 56 ഇഞ്ച് നെഞ്ചളവിനെക്കുറിച്ച് വാചാലരാകുന്ന മോദി എന്തുകൊണ്ട് അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നില്ലെന്നും ഖാർഗെ ചോദിച്ചു.
79 സീറ്റ് നേടുമെന്ന് അഖിലേഷ്
ഉത്തർപ്രദേശിലെ 80ൽ 79 സീറ്റിലും ഇന്ത്യ മുന്നണി വിജയിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ജൂൺ നാല് മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ ദിനമായിരിക്കും. അഗ്നിവീർ പദ്ധതിയെ അംഗീകരിക്കില്ല. കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിച്ച ഉടൻ അഗ്നിവീർ പദ്ധതി അവസാനിപ്പിക്കും. കാർഷികവിളകൾക്കുള്ള കുറഞ്ഞ താങ്ങുവില നിയമപരമായ 'ഗ്യാരന്റി"യാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടിച്ചേർത്തു.
'അന്ന യോജന"യ്‌ക്കുള്ള മറുപടി
നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി 'ഗരീബ് കല്യാൺ അന്നയോജന"യ്ക്കുള്ള മറുപടിയാണ് ഖാർഗെ പ്രഖ്യാപിച്ച സൗജന്യ റേഷൻ. അന്നയോജന പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ചുകിലോ റേഷനാണ് സൗജന്യമായി ലഭിക്കുക. ഇത് ഇരട്ടിയാക്കിക്കൊണ്ടാണ് ഖാർഗേയുടെ പ്രഖ്യാപനം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഈ വാഗ്ദാനം നൽകിയിരുന്നു. അധികാരത്തിലെത്തിയ ഉടൻ സിദ്ധരാമയ്യ സർക്കാർ പദ്ധതി നടപ്പാക്കി.