മുംബയ്: ക്രിക്കറ്റ് ഇതിഹാസം സച്ചൻ ടെൻഡുൽക്കറുടെ വി.വി.ഐ.പി സുരക്ഷാ സംഘത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് സ്വയം വെടിവച്ച് ജീവനൊടുക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സിലെ (എസ്.ആർ.പി.എഫ്) ജവാൻ പ്രകാശ് കാപ്ഡെയാണ് മഹാരാഷ്ട്രയിലെ ജാംനേറിലെ വീട്ടിൽ വച്ച് സ്വയം നിറയൊഴിച്ച മരിച്ചത്. 39 വയസായിരുന്നു. അവധിയെടുത്ത് വീട്ടിൽപ്പോയ ഇദ്ദേഹം ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സ്വയം നിറയൊഴിച്ചത് എന്ന് ജാംനേർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ കിരൺ ഷിൻഡെ അറിയിച്ചു. ഔദ്യോഗിക തോക്ക് ഉപയോഗിച്ച് കഴുത്തിലാണ് വെടിവച്ചത്. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളും സഹോദരനുമടങ്ങുന്നതാണ് പ്രകാശ് കാപ്‌ഡെയുടെ കുടുംബം.വ്യക്തിപരമായ പ്രശ്നങ്ങളാണ് അത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ജാംനേർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എസ്.ആർ.പി.എഫും അന്വേഷണം തുടങ്ങി.