ന്യൂഡൽഹി: വ്യാജ ടിക്കറ്റിൽ വിമാനങ്ങളിൽ കയറി യാത്രക്കാരുടെ ക്യാബിൻ ബാഗേജിൽ നിന്ന് ആഭരണങ്ങളും പണവും കവർന്ന് സമ്പന്നനായ കള്ളനും കൂട്ടാളിയും കുടുങ്ങി. ന്യൂഡൽഹിയിലെ പഹാഡ്ഗഞ്ച് സ്വദേശി രാജേഷ് കപൂറും ( 40 ) മോഷണ മുതലുകൾ വാങ്ങിയ ശരദ് ജയിനുമാണ് ( 46 ) അറസ്റ്റിലായത്. കരോൾ ബാഗിലെ ആഭരണ വ്യാപാരിയാണ് ശരദ് ജയിൻ. മോഷണത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് രാജേഷ് കപൂർ സെൻട്രൽ ഡൽഹിയിൽ ഒരു ഹോട്ടൽ വാങ്ങിയിട്ടുണ്ട്.
ഒരു വർഷത്തിനിടെ രാജേഷ് കപൂർ 200 ഫ്ലൈറ്റുകളിൽ മോഷണം നടത്തിയെന്നാണ് വ്യക്തമായത്. ചില ദിവസങ്ങളിൽ മൂന്നും നാലും വിമാനങ്ങളിൽ കയറിയിട്ടുണ്ടെന്നും കണ്ടെത്തി.
തുടക്കം ട്രയിനുകളിൽ
2015ൽ ട്രെയിനുകളിലെ എ. സി. കോച്ചിലെ യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്‌ടിച്ചാണ് തുടക്കം. വർഷങ്ങളോളം ട്രയിനുകളിൽ കൊള്ളനടത്തി തഴക്കം വന്നതോടെ ഓപ്പറേഷൻ വിമാനങ്ങളിലേക്ക് മാറ്റി.
മരിച്ചു പോയ സഹോദരന്റെ തിരിച്ചറിയൽ രേഖകളും വ്യാജ ഫോൺ നമ്പരുകളും നൽകിയാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. വിമാനത്തിൽ യാത്രക്കാരുടെ ബോർഡിംഗ് സമയത്തെ തിരക്കിലും ടേക്കോഫിന് ശേഷവുമാണ് മോഷണം. ഓവർഹെഡ് ലഗേജ് ക്യാബിനുകൾ സമർത്ഥമായി പരതി ബാഗുകളിൽ നിന്ന് പണവും ആഭരണങ്ങളും മറ്റും അടിച്ചുമാറ്റും. യാത്രക്കാർ സീറ്റുകളിൽ ഇരിക്കുന്ന തത്രപ്പാടിൽ ലഗേജ് ശ്രദ്ധിക്കാതിരിക്കുമ്പോഴാണ് ഓപ്പറേഷൻ. ടേക്കോഫിന് ശേഷവും ലഗേജ് കാബിനുകളിൽ നിന്ന് സാധനങ്ങൾ കൈക്കലാക്കും. ഹാൻഡ് ബാഗുകളുമായി കയറുന്ന പ്രായമുള്ള സ്ത്രീകളെയാണ് പ്രധാനമായും ഉന്നമിട്ടത്. ഇവരുടെ ബാഗുകൾ ലഗേജ് ക്യാബിനിൽ വയ്ക്കാനും എടുക്കാനുമൊക്കെ സഹായിക്കും. അതിനിടെ മോഷണം നടത്തും. കാബിൻ ക്രൂലവിനോട് പറഞ്ഞ് ഇരയുടെ അടുത്ത് സീറ്റ് തരപ്പെടുത്തുന്നതും പതിവാണ്.
രണ്ട് യാത്രക്കാർ ക്യാബിൻ ബാഗേജിലെ സ്വർണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടതോടെയാണ് അധികൃതർ അന്വേഷണം തുടങ്ങിയത്. നൂറിലേറെ സി.സി ടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് കള്ളനെ കണ്ടെത്തി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇയാളുടെ ഒറിജിനൽ മൊബൈൽ നമ്പരും തിരിച്ചറിഞ്ഞു. ലൊക്കേഷൻ സെൻട്രൽ ഡൽഹിയിലെ പഹാഡ്ഗഞ്ച് ആണെന്നും വ്യക്തമായി. സമൂഹ്യമാദ്ധ്യമങ്ങളിൽ നിന്ന് ശേഖരിച്ച ഇയാളുടെ ഫോട്ടോ പഹാഡ്ഗഞ്ചിലെ ആളുകളെ കാണിച്ചാണ് പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.