ഇസ്ലാമാബാദ്: ഭൂമി അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ (തെഹ്‌രീക് - ഇ - ഇൻസാഫ് ) നേതാവുമായ ഇമ്രാൻ ഖാന് (71) ജാമ്യം. മറ്റ് രണ്ട് കേസുകളുള്ളതിനാൽ ജയിലിൽ തന്നെ തുടരണം. 2018 - 2022 കാലയളവിൽ പ്രധാനമന്ത്രിയായിരിക്കെ ഇമ്രാനും ഭാര്യ ബുഷ്റയും ചേർന്ന് സ്ഥാപിച്ച എൻ.ജി.ഒ ആയ അൽ - ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസാണിത്. ട്രസ്റ്റിന്റെ മറവിൽ അനുവദിച്ച അനധികൃത ആനുകൂല്യങ്ങൾക്ക് പകരമായി ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഇമ്രാനും ബുഷ്റയ്ക്കും 63 ഏക്കറിലേറെ ഭൂമി സമ്മാനിച്ചെന്നാണ് കേസ്. കഴിഞ്ഞയാഴ്ചയാണ് കേസിൽ ഇമ്രാനെതിരെ കുറ്റം ചുമത്തിയത്. ആരോപണങ്ങൾ നിഷേധിച്ച ഇമ്രാൻ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. നിലവിൽ, ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിൽ ഇമ്രാന് 10 വർഷവും ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി വിവാഹിതരായതിന് ഇമ്രാനും ബുഷ്റയ്ക്കും 7 വർഷവും വീതം തടവ് വിധിച്ചിരിക്കുകയാണ്. വിവിധ അഴിമതി കേസുകളെ തുടർന്ന് ഇമ്രാൻ കഴിഞ്ഞ ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. തോഷാഖാന അഴിമതി കേസിൽ ഇമ്രാൻ ഖാനും ബുഷ്റയ്ക്കും ചുമത്തിയ 14 വർഷം കഠിന തടവ് ഇസ്ലാമാബാദ് ഹൈക്കോടതി കഴിഞ്ഞ മാസം മരവിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്നുൾപ്പെടെ ലഭിച്ച ഉപഹാരങ്ങൾ കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നതാണ് തോഷാഖാന കേസ്.