ടെൽ അവീവ്: ഗാസയിലെ റാഫ നഗരത്തിന് സമീപം ഇന്ത്യൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നിൽ ഇസ്രയേലി ടാങ്കിൽ നിന്നുള്ള വെടിവയ്‌പ്പെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സംഘടന ( യു.എൻ ). കഴിഞ്ഞ ദിവസമാണ് യു.എൻ സന്നദ്ധ പ്രവർത്തകനും ഇന്ത്യൻ ആർമിയിലെ മുൻ ഓഫീസറുമായ കേണൽ വൈഭവ് കാലെ (46) സഞ്ചരിച്ച കാറിന് നേരെ ആക്രമണമുണ്ടായത്. മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ആക്രമണമുണ്ടായ സാഹചര്യം വ്യക്തമാകാൻ ഇസ്രയേൽ അധികൃതരുമായി ചർച്ച നടത്തുന്നുണ്ടെന്നും യു.എൻ ഉപവക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. സംഭവം പരിശോധിച്ചുവരികയാണെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. സംഭവം അന്വേഷിക്കാൻ വൈഭവ് ജോലി ചെയ്തിരുന്ന യു.എന്നിന്റെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് പ്രത്യേക പാനൽ രൂപീകരിച്ചു. കാറിൽ യു.എൻ അടയാളമുണ്ടായിട്ടും ഇസ്രയേൽ ആക്രമിച്ചെന്നാണ് പരാതി.